ഷാർജ: അറബ് നാവികരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്രയാത്രാ വിജ്ഞാനവും പാരമ്പര്യവും പരിചയപ്പെടുത്തി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഹൗസ് ഓഫ് വിസ്ഡം. ഒമാൻ അക്ക്രോസ് ഏജസ് മ്യൂസിയവുമായി സഹകരിച്ച് ‘ലെഗസി ഓഫ് അറബ് നാവിഗേഷൻ: അഹ്മദ് ഇബ്നു മാജിദ് ആൻഡ് ദ സയൻസ് ഓഫ് സീഫെയറിങ്’ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
|
15-ാം നൂറ്റാണ്ടിലെ പ്രശസ്ത അറബ് നാവികനും പണ്ഡിതനുമായ അഹ്മദ് ഇബ്നു മാജിദിന്റെ രചനകളും നാവികരുടെ കൈയെഴുത്തുപ്രതികളും പ്രദർശനത്തിലുണ്ട്. നക്ഷത്രങ്ങൾ, കാറ്റ്, സമുദ്രപ്രവാഹങ്ങൾ എന്നിവ നിരീക്ഷിച്ച് കടൽയാത്ര നടത്തിയിരുന്ന രീതികളും വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച വ്യാപാരപാതകളും ഇതിലൂടെ പരിചയപ്പെടുത്തുന്നു.
യുനെസ്കോയുടെ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഇടം നേടിയ ഒമാനി നാവിക കൈയെഴുത്തുപ്രതിയും ഇബ്നു മാജിദിന്റെ പ്രസിദ്ധീകരിക്കാത്ത ഏഴ് നാവിക കവിതകളും പ്രദർശനത്തിന്റെ പ്രത്യേകതകളാണ്.
കുട്ടികൾക്കായി നാവിഗേഷൻ, ജ്യോതിശാസ്ത്രം, ഭൂപടനിർമാണം, സമുദ്രസാങ്കേതികവിദ്യ എന്നിവ പരിചയപ്പെടുത്തുന്ന ശിൽപശാലകളും ഒരുക്കിയിട്ടുണ്ട്.
നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് അന്താരാഷ്ട്ര പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





