07
Nov 2026
Sat
07 Nov 2026 Sat
Young writers create their own illustrated storybooks at SIBF 2026

ഷാർജ: ഭാവനകൾക്ക് നിറം പകർന്ന് സ്വന്തം കഥാപുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിനത്തിൽ സംഘടിപ്പിച്ച ‘സ്റ്റോറിബുക്ക് മേക്കിങ്’ ശിൽപശാലയാണ് കുട്ടികൾക്ക് വേറിട്ട അനുഭവമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എഴുതിയ ആപ്പിളിന്റെ കഥയോടെയാണ് ശിൽപശാലയിലെ രചനകൾക്ക് തുടക്കമായത്. മരത്തിൽ വളർന്ന രുചികരമായ ആപ്പിൾ ഒരുദിവസം താഴെ വീഴുന്നതും തന്നെ പക്ഷി കൊത്തിത്തിന്നുമോ എന്ന ഭയത്തിൽ കഴിയുന്നതുമായിരുന്നു കഥയുടെ പ്രമേയം.

സ്വന്തം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളും അനുഭവങ്ങളും പ്രത്യേക സംഭവങ്ങളുമെല്ലാം കഥകളാക്കി മാറ്റാൻ കുട്ടികൾക്ക് അവസരം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് പരിശീലകരായ നന്ദറും നാസയും പറഞ്ഞു. ഡമ്മി പുസ്തകങ്ങൾ, അക്രിലിക് മാർക്കറുകൾ, സ്റ്റിക്കറുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾക്ക് സ്വന്തം കഥകൾ രൂപപ്പെടുത്താനും ചിത്രങ്ങൾ വരച്ച് മനോഹരമാക്കാനും സൗകര്യമൊരുക്കി. ഭാവനയും സർഗാത്മക കഴിവുകളും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

രാജകുമാരിയുടെയും അവളുടെ മാതാപിതാക്കളുടെയും കഥ മുതൽ കാരറ്റിനെ ഇഷ്ടപ്പെടുന്ന മുയലിനെ ഭക്ഷണമാക്കാൻ കാത്തിരിക്കുന്ന കുറുക്കന്റെ കഥ വരെ കുട്ടികളുടെ രചനകൾ വൈവിധ്യമാർന്നതായിരുന്നു. മറ്റൊരു കുട്ടി തന്റെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങളാണ് കഥയാക്കിയത്. കോട്ടകളും പതാകകളും ഉൾപ്പെടുത്തി യുദ്ധഭൂമി ഒരുക്കിയ അബ്ദുല്ല ഇമ്രാൻ യൂസഫിന് വീട്ടിൽ ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന വിനോദത്തിന്റെ തുടർച്ചയായിരുന്നു ഈ ശിൽപശാല.

ചില കുട്ടികൾ അറബിയിൽ നീണ്ട കഥകൾ എഴുതിയപ്പോൾ മറ്റുചിലർ ചിത്രങ്ങൾ ഒട്ടിക്കാനും വരയ്ക്കാനുമാണ് കൂടുതൽ ശ്രദ്ധിച്ചത്. തിരഞ്ഞെടുത്ത പ്രമേയങ്ങൾ വ്യത്യസ്തമായിരുന്നെങ്കിലും വെറും 30 മിനിറ്റിനുള്ളിൽ ഓരോരുത്തരും സ്വന്തമായി ചിത്രകഥാപുസ്തകം പൂർത്തിയാക്കി.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. 17 ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. 12 ദിവസം നീളുന്ന മേളയിൽ സാഹിത്യചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, നാടകാവതരണങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, കുക്കറി കോർണർ തുടങ്ങി 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക