ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ യൂട്യൂബർ അമൃത് സിങ്ങിന് മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ ആറിന് സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഉത്തരവിട്ടത്.
|
പ്രതിക്കെതിരെ മുൻകാല ക്രിമിനൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് അനുയോജ്യമായ ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.
ഒക്ടോബർ 24നാണ് അമൃത് സിങ്ങിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 353(2), 192 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. മതസമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന തരത്തിൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതും കലാപത്തിന് കാരണമായേക്കാവുന്ന പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ഈ വകുപ്പുകൾ പരിഗണിക്കുന്നത്.
വീഡിയോയിലൂടെ മതസമുദായങ്ങൾക്കിടയിൽ വിദ്വേഷവും വർഗീയ അസ്വാരസ്യങ്ങളും വളർത്താനും പൊതുജനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. അറസ്റ്റ് ഭയന്നാണ് അമൃത് സിങ് സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





