ഷാർജ: എമിറേറ്റിലെ പൊതു, സർക്കാർ ലൈബ്രറികളിലെ പുസ്തകശേഖരം വിപുലീകരിക്കാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽനിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
|
നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളിലായി 17 ലക്ഷത്തിലേറെ പുസ്തകങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രസാധന മേഖലയ്ക്ക് നേരിട്ടുള്ള പിന്തുണ നൽകുന്നതിനൊപ്പം ലൈബ്രറികളിലെ പുസ്തകശേഖരം പുതുക്കാനും കൂടുതൽ വൈവിധ്യമാർന്ന വിജ്ഞാനസ്രോതസ്സുകൾ വായനക്കാർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുസ്തകങ്ങളും ലൈബ്രറികളും ഷാർജയുടെ സാംസ്കാരിക വളർച്ചയുടെ കേന്ദ്രബിന്ദുവാണെന്ന ഭരണാധികാരിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ നീക്കം. എഴുത്ത്, വിവർത്തനം, പ്രസാധനം എന്നീ മേഖലകളുടെ വളർച്ചയ്ക്കും വിവിധ തലമുറകളിലേക്ക് അറിവ് എത്തിക്കുന്നതിനും പദ്ധതി സഹായകമാകും.
ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പദ്ധതിയെ സ്വാഗതം ചെയ്തു. പ്രസാധന മേഖലയിലെ വളർച്ചയും പൊതുജനങ്ങൾക്ക് അറിവ് ലഭ്യമാക്കുന്നതും പരസ്പരം ബന്ധിപ്പിക്കുന്ന സമഗ്രമായ സാംസ്കാരിക കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അവർ പറഞ്ഞു.
‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേളയിൽ 25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. 1,500-ലേറെ സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമാനാണ് ഇത്തവണ അതിഥി രാജ്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



