അബൂദബി: യുഎഇയിലെ പ്രമുഖ ആരോഗ്യപരിചരണ ശൃംഖലയായ എൻഎംസി ഹെൽത്ത്കെയറിലെ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപകൻ ഡോ. ബിആർ ഷെട്ടിയും മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരാണെന്ന് അബൂദബി കോടതി. ഇരുവരും ചേർന്ന് കമ്പനിക്ക് 540 കോടി ഡോളറിലേറെ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് കോടതി ഉത്തരവ്. എന്നാൽ ഓരോരുത്തരും നൽകേണ്ട കൃത്യമായ തുക തുടർനടപടികളിലൂടെ തീരുമാനിക്കും.
|
എൻഎംസി ഹെൽത്ത്കെയറിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ ഇരുവരും അറിഞ്ഞുകൊണ്ട് പങ്കാളികളായിരുന്നുവെന്നാണ് അബൂദബി ഗ്ലോബൽ മാർക്കറ്റ് (ADGM) കോടതിയുടെ കണ്ടെത്തൽ. 2012 ഏപ്രിൽ 30 മുതൽ തട്ടിപ്പുമായി ബന്ധപ്പെട്ട കാലയളവിലുണ്ടായ നഷ്ടങ്ങൾക്ക് ഇരുവരും ഉത്തരവാദികളാണെന്നും കോടതി വ്യക്തമാക്കി. നിലവിൽ അഡ്മിനിസ്ട്രേഷനു കീഴിലുള്ള എൻഎംസി ഹെൽത്ത്കെയർ ലിമിറ്റഡിന്റെ ആസ്തികളിലേക്ക് നഷ്ടപരിഹാരത്തുക നൽകാനും ഇരുവരും ബാധ്യസ്ഥരാണ്.
അതേസമയം, അബൂദബി കൊമേഴ്സ്യൽ ബാങ്ക് (ADCB) പ്രശാന്ത് മങ്ങാട്ടിനെതിരെ നൽകിയ പ്രത്യേക കേസിലും ബാങ്കിന് അനുകൂലമായ വിധിയുണ്ടായി. കുടിശ്ശികയായ 1.02 ബില്യൺ ഡോളറും നഷ്ടപ്പെട്ട ലാഭമായി കണക്കാക്കിയ 169 ദശലക്ഷം ഡോളറും ഉൾപ്പെടെയുള്ള തുക നൽകാനാണ് കോടതി ഉത്തരവിട്ടത്. നേരത്തെ തിരിച്ചുപിടിച്ച ഏകദേശം 30 ദശലക്ഷം ഡോളർ കുറച്ചതോടെ പ്രശാന്ത് മങ്ങാട്ട് ബാങ്കിന് 1.159 ബില്യൺ ഡോളർ (115.9 കോടി ഡോളർ) നൽകേണ്ടിവരും.
2012 ഏപ്രിൽ 2 മുതൽ 2020 ഏപ്രിൽ 9 വരെയുള്ള കാലയളവിൽ എൻഎംസി ഗ്രൂപ്പിൽ വ്യാപകമായ സാമ്പത്തിക തട്ടിപ്പ് നടന്നതായും കോടതി നിരീക്ഷിച്ചു. കമ്പനിയുടെ ആസ്തികൾ വകമാറ്റിയതും സാമ്പത്തിക രേഖകളിൽ ആസ്തികളും വിറ്റുവരവും പെരുപ്പിച്ചുകാട്ടിയതുമാണ് പ്രധാന ക്രമക്കേടുകൾ. ഈ നടപടികൾ കമ്പനിക്കും വായ്പാദാതാക്കൾക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കോടതി വിലയിരുത്തി.
ALSO READ:ബിആര്‍ ഷെട്ടി പെരും നുണയന്; എസ്ബിഐക്ക് 400 കോടി രൂപ നല്‍കണമെന്ന് ദുബൈ കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



