ദുബൈ: ഇൻഫിനിറ്റി ബ്രിഡ്ജിനും ദെയ്റയ്ക്കുമിടയിലെ യാത്ര സുഗമമാക്കാൻ പുതിയ തുരങ്കം തുറന്ന് ദുബൈ. അൽ ഖലീജ് സ്ട്രീറ്റിൽ നിർമിച്ച 1.65 കിലോമീറ്റർ നീളമുള്ള തുരങ്കം ഞായറാഴ്ചയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തുറന്നുകൊടുത്തത്. ഇരുവശങ്ങളിലുമായി മൂന്ന് വീതം പാതകളുള്ള തുരങ്കത്തിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നുപോകാനാകും.
|
ഇൻഫിനിറ്റി ബ്രിഡ്ജിന്റെ അവസാന ഭാഗത്തുനിന്ന് അൽ ഖലീജ് സ്ട്രീറ്റും അൽ വുഹൈദ സ്ട്രീറ്റും ചേരുന്ന ജങ്ഷൻ വരെയാണ് പുതിയ തുരങ്കം. ദെയ്റ, അൽ മംസാർ, അബു ഹൈൽ, അൽ വുഹൈദ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര ഇതോടെ കൂടുതൽ എളുപ്പമാകും. ദുബൈ ഐലൻഡ്സ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, അൽ ഹംരിയ തുറമുഖം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതവും മെച്ചപ്പെടും.
ഇതിന്റെ ഭാഗമായി ഇൻഫിനിറ്റി ബ്രിഡ്ജിനും പോർട്ട് റാഷിദ് പുനർവികസന മേഖലയ്ക്കുമിടയിൽ ദുബായ് ക്രീക്കിന് കുറുകെ 1,425 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഇരുവശങ്ങളിലുമായി നാല് പാതകൾ വീതമുള്ള പാലത്തിന് മണിക്കൂറിൽ 16,000 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ക്രീക്കിന് മുകളിൽ 18.5 മീറ്റർ ഉയരത്തിലായിരിക്കും പാലം. കപ്പലുകൾക്ക് കടന്നുപോകാൻ 75 മീറ്റർ വീതിയുള്ള ജലപാതയും ഒരുക്കും.
അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ ഭാഗമായാണ് നിർമാണം. 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ യാത്രാസമയം നിലവിലെ ഒരു മണിക്കൂർ 44 മിനിറ്റിൽനിന്ന് 2030ഓടെ 16 മിനിറ്റായി കുറയ്ക്കുകയാണ് ലക്ഷ്യം.
കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി പ്രത്യേക പാതയും രണ്ട് ലിഫ്റ്റുകളും പദ്ധതിയിലുണ്ട്. ദുബായ് ഐലൻഡ്സ്, ബർ ദുബായ് ഭാഗങ്ങളിലായി ഏകദേശം രണ്ട് കിലോമീറ്റർ അനുബന്ധ റോഡുകളും നിർമിക്കും.
പുതുതായി തുറന്ന തുരങ്കത്തിനുള്ളിൽ ദുബായിലെ പ്രധാന കെട്ടിടങ്ങളും ഇൻഫിനിറ്റി ബ്രിഡ്ജും ഉൾപ്പെടുത്തിയ നഗരദൃശ്യമുള്ള കൂറ്റൻ മൊസൈക് ചിത്രവും ഒരുക്കിയിട്ടുണ്ട്. എമിറാത്തി കലാകാരി മറിയം അൽ ഹത്ബൂർ രൂപകൽപന ചെയ്ത ചിത്രത്തിൽ 3.6 കോടി മൊസൈക് കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
നിർമാണത്തിനിടെ പുറത്തെടുത്ത മണ്ണിന്റെയും മറ്റ് വസ്തുക്കളുടെയും 77 ശതമാനവും പുനരുപയോഗിച്ചതായി ആർടിഎ അറിയിച്ചു. ഏകദേശം 5.22 ലക്ഷം ക്യുബിക് മീറ്റർ വസ്തുക്കളാണ് വിവിധ പദ്ധതികൾക്കായി ഉപയോഗിച്ചത്. 2,200 എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും തൊഴിലാളികളും പങ്കെടുത്ത നിർമാണത്തിൽ 350 യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യാതെ ഏകദേശം 1.1 കോടി തൊഴിൽ മണിക്കൂറുകൾ പൂർത്തിയാക്കിയതായും ആർടിഎ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





