09
Nov 2026
Mon
09 Nov 2026 Mon

ഷാർജ: പുസ്തക പ്രസാധന മേഖലയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതിക സേവനങ്ങൾ ഒരുക്കുന്ന കമ്പനിയായ ‘ക്ലൂബിആർ’ (KlooBR) അറബ് വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഷാർജ പബ്ലിഷിങ് സസ്റ്റൈനബിലിറ്റി ഫണ്ടായ ‘ഇൻഷർ’ (Inshr) നൽകുന്ന തന്ത്രപ്രധാന നിക്ഷേപത്തിന്റെ പിന്തുണയോടെയാണ് കമ്പനി അറബ് പ്രസാധന വിപണിയിൽ പ്രവേശിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാർജ ഇന്റർനാഷനൽ പബ്ലിഷേഴ്സ് കോൺഫറൻസിനിടെ കമ്പനിയുടെ വിപണി പ്രവേശനത്തിനുള്ള നടപടികൾക്ക് തുടക്കമായി. ഷാർജ പബ്ലിഷിങ് സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാനും അറബ് പ്രസാധകരുമായി ബന്ധം സ്ഥാപിക്കാനും കമ്പനിയ്ക്ക് ഫണ്ട് സഹായം നൽകും. എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷൻ മുഖേന കമ്പനിയെ പരിചയപ്പെടുത്തുന്നതിനും അറബ് പ്രസാധകരുമായി കൂടിക്കാഴ്ചകൾ ഒരുക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് കമ്പനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ 16-ാമത് പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്നൊവേഷൻ വിഭാഗത്തിലെ വിജയിയായി കമ്പനിയെ ആദരിക്കുകയും ചെയ്തു.

ഷാർജയെ പ്രസാധന സാങ്കേതികവിദ്യാ കമ്പനികളുടെ വളർച്ചയ്ക്കുള്ള ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രസാധകർക്ക് പ്രവർത്തനം വിപുലീകരിക്കാനും പുതിയ വിപണികളിലെത്താനും അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയിലെ നിക്ഷേപം അറബ് പ്രസാധകർക്കിടയിൽ അതിന്റെ വിശ്വാസ്യതയും സാങ്കേതികവിദ്യയിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റിയിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ആൻഡ് ഗ്ലോബൽ മാർക്കറ്റ്സ് ഡയറക്ടർ ഇമാൻ ബിൻ ഷൈബ പറഞ്ഞു. പ്രസാധന സാങ്കേതികവിദ്യാ രംഗത്ത് 18 വർഷത്തെ പരിചയമുള്ള മാതൃകമ്പനിയുടെ പ്രവർത്തനപരിചയവും സേവനങ്ങളുടെ വിപണിയിലെ ആവശ്യകതയുമാണ് തിരഞ്ഞെടുപ്പിന് പരിഗണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനകം 2,000ത്തിലധികം പണമടച്ചുള്ള ഇടപാടുകൾ കമ്പനിക്ക് നേടാനായിട്ടുണ്ട്.

കമ്പനിയുടെ പുതിയ വളർച്ചാഘട്ടത്തിൽ ഷാർജയുടെ പിന്തുണ നിർണായകമാണെന്ന് സ്ഥാപകനും സിഇഒയുമായ റിക്കാർഡോ അൽമേഡ പറഞ്ഞു. ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ജർമനി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ‘Clube de Autores’ എന്ന പ്രസാധന പ്ലാറ്റ്ഫോമിൽ നിന്നാണ് ക്ലൂബിആർ രൂപംകൊണ്ടത്. ഏകദേശം രണ്ടുവർഷം മുമ്പാണ് പ്രസാധന മേഖലയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ആരംഭിച്ചത്.

ഉള്ളടക്ക വിശകലനം, എഡിറ്റിങ്, ഭാഷാ പരിശോധന, വിവർത്തനം, പുസ്തകങ്ങളെ ഇ-ബുക്ക് രൂപത്തിലേക്ക് മാറ്റൽ തുടങ്ങിയ സേവനങ്ങളാണ് കമ്പനി നൽകുന്നത്. എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങളുടെ പ്രസിദ്ധീകരണ നടപടികൾ എളുപ്പമാക്കുകയാണ് ലക്ഷ്യം.

17 രാജ്യങ്ങളിൽ നിന്നുള്ള 94 സാങ്കേതിക കമ്പനികൾ പങ്കെടുത്ത മത്സരത്തിനൊടുവിലാണ് ക്ലൂബിആർ ഇന്നൊവേഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. അറബ് വിപണിയിലേക്കുള്ള പ്രവേശനത്തിനൊപ്പം അന്താരാഷ്ട്ര പ്രസാധന മേഖലയിലെ പ്രവർത്തനം വിപുലീകരിക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും ഷാർജയിലെ ഈ പിന്തുണ കമ്പനിക്ക് വഴിയൊരുക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക