09
Nov 2026
Mon
09 Nov 2026 Mon

ഷാർജ: മരക്കഷ്ണങ്ങളിൽ മനോഹരമായ ചിത്രങ്ങളും വർണങ്ങളും തീർത്ത് കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘വുഡൻ സ്ലൈസ് മാഗ്നറ്റ് വർക്ക്‌ഷോപ്പ്’ കുട്ടികൾക്ക് വേറിട്ട സർഗാത്മക അനുഭവമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

20-ലധികം കുട്ടികൾ പങ്കെടുത്ത ശിൽപശാലയിൽ പ്രകൃതിദത്ത മരക്കഷ്ണങ്ങളിൽ ചിത്രങ്ങൾ വരച്ചും സന്ദേശങ്ങൾ എഴുതിയും പൂക്കളും മറ്റ് അലങ്കാരങ്ങളും ചേർത്തും ഫ്രിഡ്ജിൽ പതിപ്പിക്കാവുന്ന മാഗ്നറ്റുകൾ തയ്യാറാക്കി. 2.4 ഇഞ്ച് വ്യാസമുള്ള വൃത്താകൃതിയിലുള്ള മരക്കഷ്ണങ്ങളിൽ വിവിധ നിറങ്ങളിലുള്ള മാർക്കറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചശേഷം പിന്നിൽ മാഗ്നറ്റ് ഘടിപ്പിക്കുന്ന രീതിയും പരിചയപ്പെടുത്തി.

കുട്ടികൾ സ്വന്തം ഭാവനയ്ക്കനുസരിച്ചുള്ള ചിത്രങ്ങളാണ് ഒരുക്കിയത്. തന്റെ പ്രിയപ്പെട്ട പുസ്തകമായ ‘ഡയറി ഓഫ് എ വിമ്പി കിഡി’ന്റെ ചിത്രമാണ് ഖാലിദ് മരക്കഷ്ണത്തിൽ വരച്ചത്. നീലയും വെള്ളയും നിറങ്ങൾ ഉപയോഗിച്ച് രാത്രിയിലെ മനോഹരമായ കാഴ്ച ഒരുക്കുകയായിരുന്നു മരിയ. കള്ളിച്ചെടികൾ നിറഞ്ഞ മരുഭൂമിയുടെ ചിത്രമാണ് ഹയ തിരഞ്ഞെടുത്തത്.

കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അവസരമൊരുക്കുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് പരിശീലകൻ ഏസ് പറഞ്ഞു. പരിപാടിയുടെ അവസാനം ഓരോ കുട്ടിക്കും സ്വന്തം കൈകളിൽ തയ്യാറാക്കിയ മാഗ്നറ്റുകൾ വീട്ടിലേക്ക് കൊണ്ടുപോകാനായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക