11
Nov 2026
Wed
11 Nov 2026 Wed
Readers Find Their Favourite Books at Sharjah Book Fair

ഷാർജ: മാംഗ കോമിക്‌സുകളുടെ ശേഖരം പൂർത്തിയാക്കാനുള്ള ശ്രമം, കുട്ടികൾക്കായി പുതിയ പുസ്തകങ്ങൾ തേടൽ, സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്വയംവികസന പുസ്തകം സ്വന്തമാക്കൽ, പാതിവഴിയിൽ ഉപേക്ഷിച്ച ക്ലാസിക് നോവൽ വീണ്ടും വായിക്കാനുള്ള തീരുമാനം… ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 45-ാം പതിപ്പിൽ സന്ദർശകരുടെ പുസ്തകവാങ്ങൽ താൽപര്യങ്ങൾ വ്യത്യസ്തമാണ്. കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾക്കുമായി പുസ്തകങ്ങൾ വാങ്ങുന്നവരും സ്വന്തം വായനാശേഖരം വിപുലീകരിക്കാൻ എത്തുന്നവരും മേളയിലെ സ്ഥിരം കാഴ്ചകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാകിസ്താനിൽനിന്നെത്തിയ സെഹർ ഖാനും 11 വയസ്സുകാരനായ മകൻ നഖാഷും സുഹൃത്തുക്കളും ചേർന്നാണ് പുസ്തകങ്ങൾ വാങ്ങാനെത്തിയത്. മകൻ വായനയ്ക്കായി അഞ്ച് ‘ടോം ഗേറ്റ്സ്’ പുസ്തകങ്ങൾ തിരഞ്ഞെടുത്തപ്പോൾ കുടുംബത്തിലെ ചെറിയ കുട്ടികൾക്ക് സമ്മാനമായി നൽകാൻ ‘സൂപ്പർ സ്റ്റോറീസ് ഓഫ് പ്രൊഫറ്റ്സ്’ എന്ന പുസ്തകവും സെഹർ വാങ്ങി. മുൻകൂട്ടി തയ്യാറാക്കിയ പട്ടികയില്ലാതെയാണ് മേളയിലെത്തിയതെന്നും പുസ്തകങ്ങളുടെ ശേഖരം കണ്ടപ്പോൾ ഇഷ്ടപ്പെട്ടവ വാങ്ങുകയായിരുന്നുവെന്നും അവർ പറഞ്ഞു. അതേസമയം, എമിറാത്തി ബാലനായ യൂസഫ് അഹമ്മദ് അൽ മർസൂഖി തന്റെ പ്രിയപ്പെട്ട ‘ഡെമൺ സ്ലെയർ’ മാംഗ പരമ്പരയിലെ 19, 20 വാല്യങ്ങൾ തേടിയാണ് എത്തിയത്. നേരത്തെ 18 വാല്യങ്ങൾ സ്വന്തമാക്കിയിരുന്ന യൂസഫ് നിരവധി കടകൾ കയറിയിറങ്ങിയാണ് ആവശ്യപ്പെട്ട പുസ്തകങ്ങൾ കണ്ടെത്തിയത്.

ചൈനീസ് സന്ദർശകനായ ഷാങ് യിങ്ലിൻ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഗൗർ ഗോപാൽ ദാസിന്റെ ‘എനർജൈസ് യുവർ മൈൻഡ്: ലേൺ ദ ആർട്ട് ഓഫ് മാസ്റ്ററിങ് യുവർ തോട്ട്സ്, ഫീലിങ്സ് ആൻഡ് ഇമോഷൻസ്’ എന്ന പുസ്തകമാണ് സ്വന്തമാക്കിയത്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള പുസ്തകം സാധാരണയായി സ്വയംവികസന ഗ്രന്ഥങ്ങൾ വാങ്ങാറില്ലാത്ത തന്നെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. അതേസമയം, യുകെയിൽനിന്നുള്ള റിച്ചാർഡ് ഹൗലൻ ഹെർമൻ മെൽവിലിന്റെ വിഖ്യാത നോവലായ ‘മോബി ഡിക്ക്’ വീണ്ടും വായിക്കാനുള്ള തീരുമാനവുമായാണ് മേളയിൽനിന്ന് മടങ്ങിയത്. നേരത്തെ തുടങ്ങി പൂർത്തിയാക്കാൻ കഴിയാതിരുന്ന പുസ്തകം ഇൻസ്റ്റഗ്രാമിലൂടെ കണ്ട പതിപ്പിന്റെ ആകർഷണത്തിലാണ് അദ്ദേഹം വീണ്ടും സ്വന്തമാക്കിയത്.

ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും ഉൾപ്പെടെ 1,500 പരിപാടികളാണ് മേളയുടെ ഭാഗമായി നടക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക