യുഎഇയിലെ ദേശീയദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
|
ഡിസംബർ 2, 3 തീയതികളാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധി. ഡിസംബർ 4 വെള്ളിയാഴ്ച കൂടി വാർഷിക അവധി എടുക്കുന്നവർക്ക് വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം വിശ്രമിക്കാനാകും.
യുഎഇയുടെ ഏഴ് എമിറേറ്റുകളും ഒന്നിച്ച് ഐക്യരാഷ്ട്രമായി രൂപംകൊണ്ടതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഡിസംബർ 2ന് ദേശീയദിനം ആഘോഷിക്കുന്നത്. ഈദ് അൽ ഇത്തിഹാദ് എന്ന അറബി പ്രയോഗത്തിന്റെ അർഥം ‘ഐക്യത്തിന്റെ ആഘോഷം’ എന്നാണ്. രാജ്യത്തിന്റെ സ്ഥാപകർ ഉപയോഗിച്ചിരുന്ന യഥാർഥ അറബി നാമം വീണ്ടും പ്രചാരത്തിലാക്കിയതാണ് ഈ പേര്.
2025ൽ പാസാക്കിയ നിയമപ്രകാരം ചില പൊതുഅവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇക്ക് അധികാരമുണ്ട്. വാരാന്ത്യ അവധിയുമായി ചേർത്ത് തുടർച്ചയായ വിശ്രമദിനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം ദേശീയദിന അവധി ഡിസംബർ 2, 3 തീയതികളിൽ നിന്ന് ഡിസംബർ 1, 2 തീയതികളിലേക്ക് മാറ്റിയിരുന്നു.
രാജ്യത്തിന്റെ 55 വർഷത്തെ യാത്രയിൽ കുടുംബങ്ങളും വിവിധ തലമുറകളും സമൂഹങ്ങളും നൽകിയ സംഭാവനകളാണ് ഈ വർഷത്തെ ആഘോഷങ്ങളിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. രാജ്യത്തിന്റെ പൈതൃകം, പാരമ്പര്യം, കൂട്ടായ്മ, പൊതുവായ മൂല്യങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകും. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കുടുംബങ്ങളുടെ വളർച്ചയ്ക്കും ഊന്നൽ നൽകിയ ‘കുടുംബ വർഷം’ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പരിപാടികൾ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





