യാത്രകൾ മുൻവിധികളെ തിരുത്താനും സഹാനുഭൂതി വളർത്താനും വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലെ മാനുഷിക ബന്ധങ്ങൾ തിരിച്ചറിയാനും സഹായിക്കുമെന്ന് പ്രമുഖ അറബ് ട്രാവൽ കണ്ടന്റ് ക്രിയേറ്റർമാരായ കാസെം ഹാറ്റോയും മൊഹമ്മദ് സബ്ബാഗും. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ‘ഹൗ ഡസ് ട്രാവൽ കണ്ടന്റ് സ്പാർക്ക് ഔർ ക്യൂരിയോസിറ്റി എബൗട്ട് പീപ്പിൾ ആൻഡ് കൾച്ചേഴ്സ്?’ എന്ന സെഷനിലായിരുന്നു ഇരുവരുടെയും അഭിപ്രായപ്രകടനം. സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ യഥാർഥമായ യാത്രാനുഭവങ്ങളും അന്വേഷണത്വരയുമാണ് മികച്ച യാത്രാവിവരണങ്ങളുടെ അടിസ്ഥാനമെന്നും അവർ പറഞ്ഞു.
|
‘ഇബ്നു ഹത്തൂത്ത’ എന്ന പേരിൽ അറിയപ്പെടുന്ന പലസ്തീൻ-ജോർദാനിയൻ ട്രാവൽ ക്രിയേറ്റർ കാസെം ഹാറ്റോ തന്റെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. ഐസ്‌ലൻഡിൽ നടത്തിയ 13 ദിവസത്തെ റോഡ് യാത്രയും അവിടുത്തെ സജീവ ലാവാ പ്രവാഹങ്ങളും വിചിത്രമായ പാറക്കൂട്ടങ്ങളും മറ്റൊരു ഗ്രഹത്തിലെത്തിയ പ്രതീതിയാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ടാൻസാനിയയിലെ ഹഡ്സാ ഗോത്രവിഭാഗത്തോടൊപ്പമുള്ള അനുഭവങ്ങളും അഫ്ഗാനിസ്ഥാനിലെ ഒരു കടയുടമയോടൊപ്പം ഒരു മണിക്കൂറോളം ചായ കുടിച്ച് ചെലവഴിച്ചതും വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിലും സൗഹൃദവും പരസ്പര ബഹുമാനവും വളരാമെന്ന് ബോധ്യപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിലും അമ്മാനിലും പ്രവർത്തിക്കുന്ന ട്രാവൽ ആൻഡ് ലൈഫ്‌സ്റ്റൈൽ ക്രിയേറ്ററായ മൊഹമ്മദ് സബ്ബാഗ് ബംഗ്ലാദേശ് സന്ദർശനത്തിലൂടെ ജീവിതസാഹചര്യങ്ങളിലെ വലിയ അന്തരങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതായി പറഞ്ഞു. ആധുനിക സൗകര്യങ്ങൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന ചിന്തകളിൽനിന്ന് പുറത്തുകടക്കാനും ജീവിതത്തിലെ യഥാർഥ വെല്ലുവിളികൾ തിരിച്ചറിയാനും ഇത്തരം യാത്രകൾ സഹായിക്കും. ഇന്ത്യ, ചൈന തുടങ്ങിയ ജനസാന്ദ്രതയേറിയ രാജ്യങ്ങളിലെ യാത്രകൾ വ്യത്യസ്ത സമൂഹങ്ങൾ എങ്ങനെ ഒരുമിച്ച് ജീവിക്കുകയും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരമായിരുന്നുവെന്നും 13 ലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള സബ്ബാഗ് പറഞ്ഞു.
യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെടുക, അതിർത്തികളിലെ തടസ്സങ്ങൾ, ക്വാറന്റീൻ, യാത്രാ ക്രമീകരണങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളും അനുഭവത്തിന്റെ ഭാഗമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികൾ ക്ഷമയും പൊരുത്തപ്പെടാനുള്ള കഴിവും പ്രശ്നപരിഹാരശേഷിയും വളർത്തുന്നു. ഭാഷയിലും ആചാരങ്ങളിലും ജീവിതരീതികളിലും വ്യത്യാസങ്ങളുണ്ടെങ്കിലും മനുഷ്യരുടെ അടിസ്ഥാന വികാരങ്ങളും സ്നേഹവും പരസ്പര ബന്ധങ്ങളും ഒരുപോലെയാണെന്നും അവർ അഭിപ്രായപ്പെട്ടു. മുൻവിധികൾ മാറ്റിവെച്ച് ലോകത്തെയും വിവിധ സംസ്കാരങ്ങളെയും കൂടുതൽ തുറന്ന മനസ്സോടെ സമീപിക്കാൻ സ്വതന്ത്ര യാത്രകളും യഥാർഥ യാത്രാവിവരണങ്ങളും പ്രചോദനമാകുമെന്നും ചർച്ച വിലയിരുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





