14
Nov 2026
Sat
14 Nov 2026 Sat

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വിദ്യാർഥിക്ക് ബ്രിട്ടനിൽ 30 വർഷം തടവ്. 27കാരനായ ബിലാൽ കാസിക്കാണ് ചെസ്റ്റർ ക്രൗൺ കോടതി വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. ഓൺലൈൻ വഴി കുട്ടികളെ ലക്ഷ്യമിട്ട് ചൂഷണം നടത്തിയിരുന്ന ഇയാൾ കുറ്റങ്ങൾ കോടതിയിൽ സമ്മതിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സോഷ്യൽ മീഡിയയിലും ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലും കൗമാരക്കാരനായ ആൺകുട്ടിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 10നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിശ്വാസത്തിലെടുത്ത ശേഷം ലൈംഗിക സ്വഭാവമുള്ള ചിത്രങ്ങളും വീഡിയോകളും അയക്കാൻ നിർബന്ധിക്കുകയായിരുന്നു. വിസമ്മതിക്കുന്നവരെ നേരത്തെ അയച്ച ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സ്‌നാപ്ചാറ്റ്, റോബ്ലോക്സ്, വിങ്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാൾ പെൺകുട്ടികളെ സമീപിച്ചിരുന്നത്. ‘റീസ്’ എന്ന പേരിൽ ബ്രിട്ടീഷ് കൗമാരക്കാരനായാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഉപകരണത്തിൽനിന്ന് ലഭിച്ച വിവരങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച പൊലീസ് 180 സാധ്യതയുള്ള ഇരകളെ കണ്ടെത്തി. തുടർന്ന് 28 പൊലീസ് സേനകളുടെ പരിധിയിലായി 70 പെൺകുട്ടികളെ തിരിച്ചറിഞ്ഞു. കുറ്റകൃത്യങ്ങൾ നടന്ന സമയത്ത് ഇവർക്ക് 11നും 17നും ഇടയിലായിരുന്നു പ്രായം.

2021 നവംബറിൽ ആദ്യ ഇര നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് രാജ്യം വിട്ട ബിലാൽ കാസിയെ 2023 ജൂലൈയിൽ ബ്രിട്ടനിലേക്ക് മടങ്ങിയെത്തിയപ്പോൾ ഹീത്രൂ വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഓൺലൈൻ ചൂഷണം ഇരകളിൽ പലർക്കും ദീർഘകാല മാനസികാഘാതമുണ്ടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക