കെട്ടിടങ്ങൾ എങ്ങനെയാണ് നിർമിക്കുന്നതെന്ന് നേരിട്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ‘ഡിഐവൈ കോൺക്രീറ്റ് മിക്സിങ്’ ശിൽപശാല. സിമന്റ്, മണൽ, വെള്ളം, ചെറിയ ഇഷ്ടികകൾ എന്നിവ ഉപയോഗിച്ച് കുട്ടികൾക്ക് സ്വന്തമായി ചെറിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള പരിശീലനമാണ് നൽകിയത്. അബ്ദുല്ല മുഹമ്മദ് നയിച്ച ശിൽപശാലയിൽ നിർമാണപ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
|
ആദ്യം സിമന്റും മണലും വെള്ളവും ചേർത്ത് മിശ്രിതം തയ്യാറാക്കി. തുടർന്ന് ചെറിയ ഇഷ്ടികകൾ ഉപയോഗിച്ച് വിവിധ മാതൃകകളിലുള്ള കെട്ടിടങ്ങൾ നിർമിച്ചു. നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പരസ്പരം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഓരോ ഘടകവും കെട്ടിടത്തിന്റെ ഉറപ്പിന് എങ്ങനെ സഹായിക്കുന്നുവെന്നും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാനായി. കൗതുകവും നിരീക്ഷണശേഷിയും ക്ഷമയും വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പരിശീലകൻ പറഞ്ഞു.
കുട്ടികൾ താമസിക്കുന്നതും പഠിക്കുന്നതും കളിക്കുന്നതുമായ കെട്ടിടങ്ങൾ എങ്ങനെയാണ് നിർമിക്കുന്നതെന്ന് അറിയാൻ അവർക്ക് സ്വാഭാവികമായ കൗതുകമുണ്ടാകുമെന്നും എന്നാൽ നിർമാണപ്രക്രിയ നേരിട്ട് മനസ്സിലാക്കാനുള്ള അവസരം അപൂർവമാണെന്നും അബ്ദുല്ല മുഹമ്മദ് പറഞ്ഞു. പ്രായോഗിക പഠനവും സർഗാത്മകതയും സമന്വയിപ്പിച്ച ശിൽപശാലയിലൂടെ ചുറ്റുപാടുകളിലെ നിർമിതികളെക്കുറിച്ച് പുതിയ കാഴ്ചപ്പാട് നൽകാനാണ് ലക്ഷ്യമിടുന്നത്. നവംബർ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 126 രാജ്യങ്ങളിൽനിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്നുണ്ട്. 17 ലക്ഷത്തിലധികം പുസ്തകങ്ങൾക്കൊപ്പം 1,500 സാംസ്കാരിക, സർഗാത്മക പരിപാടികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





