ബഹ്‌റൈനിലെ രണ്ട് യുഎസ് വ്യോമപ്രതിരോധ റഡാര്‍ കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് (IRGC) അവകാശപ്പെട്ടു. ബഹ്‌റൈനിലെ അല്‍-റിഫ (Al-Riffa), അവാലി (Awali) താവളങ്ങളിലെ യുഎസ് പേട്രിയറ്റ് റഡാറുകള്‍ക്ക് നേരെയാണ് മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ അവകാശവാദം.
|
എന്നാല്‍ സൈനിക റഡാറുകള്‍ തകര്‍ത്തുവെന്ന ഇറാന്റെ വാദം ബഹ്‌റൈന്‍ തള്ളിക്കളഞ്ഞു. ആക്രമണത്തില്‍ ഒരു സിവിലിയന്‍ വ്യവസായ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായതെന്നും തീ നിയന്ത്രണവിധേയമാക്കിയതായും ആളപായമില്ലെന്നും ബഹ്‌റൈന്‍ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തില്‍ യുഎന്‍ ഇടപെടണമെന്നും ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.
ഭൂഗര്‍ഭ ‘മിസൈല്‍ നഗരത്തിന്റെ’ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍
ഇറാന്‍- യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, അത്യാധുനിക ഇരട്ട മിസൈല്‍ ലോഞ്ചറുകള്‍ (Dual-missile launchers) അടക്കമുള്ള വന്‍ ആയുധശേഖരം ഉള്‍ക്കൊള്ളുന്ന ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ഏത് ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനും തങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ ടെഹ്‌റാന്‍ നല്‍കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം
ലോകത്തെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിലും കപ്പലുകള്‍ക്ക് നേരെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കടലിടുക്കില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കളില്‍ തട്ടി ഒരു എണ്ണ ടാങ്കറിന് തീപിടിച്ചു. മുന്‍കൂര്‍ അനുമതിയില്ലാതെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ വ്യോമാക്രമണവും ഉണ്ടായി. ഒമാനിലെ ഖസബ് തീരത്തുനിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ആദ്യ ആക്രമണം. രണ്ടാമത്തെ ആക്രമണത്തില്‍ എണ്ണ ടാങ്കറിന്റെ എന്‍ജിന്‍ റൂമില്‍ തീപടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സമാധാന ചര്‍ച്ചകളില്‍ അനിശ്ചിതത്വം; ട്രംപും അറഗ്ചിയും നിലപാട് വ്യക്തമാക്കി
ഒരു വശത്ത് ആക്രമണങ്ങള്‍ തുടരുമ്പോഴും മറുവശത്ത് ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാനശ്രമങ്ങള്‍ സജീവമാണെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ പ്രതിനിധി സംഘം ടെഹ്‌റാനിലെത്തി ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചകളെ ഗൗരവമായിത്തന്നെയാണ് അമേരിക്ക സമീപിക്കുന്നതെന്ന വ്യക്തമായ ഉറപ്പുവേണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ആണവവിഷയത്തിലടക്കം ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
എന്നാല്‍, ശാശ്വത കരാറാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, സമാധാന കരാറിലെത്തുന്നതിനായി ഇറാന്‍ മുന്നോട്ടുവെക്കുന്ന ഉപാധികള്‍ സ്വീകാര്യമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
യെമനിലും റിയാദിലും സംഘര്‍ഷം: 3 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്ത് സൗദി
മേഖലയിലെ മറ്റൊരു സംഘര്‍ഷ പ്രദേശമായ യെമനിലും പോരാട്ടം കടുത്തിരിക്കുകയാണ്. സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ യെമനില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍ അറിയിച്ചു. ഹൂതികളുടെ നൂറുകണക്കിന് സൈനിക താവളങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേനയും വെളിപ്പെടുത്തി.
ഇതിന് തിരിച്ചടിയായി സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു. എന്നാല്‍, മൂന്ന് മിസൈലുകളും ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി സൗദി വ്യോമപ്രതിരോധ സേന അറിയിച്ചു
Tags: Iran US War Updates 2026, IRGC Bahrain Radar Attack, Strait of Hormuz Oil Tanker Attack, Iran Underground Missile City, Abbas Araghchi Donald Trump, Saudi Coalition Yemen Houthis Riyadh, Middle East Crisis Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





