22
Nov 2026
Sun
22 Nov 2026 Sun
Saleem Kodathoor Face Cream Kidney Disease

മലപ്പുറം / തിരുവനന്തപുരം: മെര്‍ക്കുറി വിഷബാധ അടങ്ങിയ ഫെയര്‍നെസ് ക്രീമുകളുടെ ഉപയോഗം കേരളത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍ രംഗത്ത്. ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് തനിക്കും ഗുരുതര വൃക്കരോഗമായ മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy) ബാധിച്ചതായും, ശാരീരികമായും മാനസികമായും സാമ്പത്തികമായും തകര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരീക്കോട് സ്വദേശിയായ 17 വയസ്സുകാരിക്ക് ഫെയര്‍നെസ് ക്രീമിലെ മെര്‍ക്കുറി മൂലം വൃക്കരോഗം ബാധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സലീം കോടത്തൂര്‍.

‘ഒരാഴ്ച കൊണ്ട് വെളുത്തു, പിന്നാലെ നീരും പ്രോട്ടീന്‍ നഷ്ടവും’

പരിചയത്തിലുള്ള ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താന്‍ ക്രീം ഉപയോഗിച്ചു തുടങ്ങിയതെന്ന് സലീം കോടത്തൂര്‍ വ്യക്തമാക്കുന്നു. ‘ഒന്നൊന്നര ബോട്ടില്‍ ക്രീമാണ് ഞാന്‍ ഉപയോഗിച്ചത്. ഒരാഴ്ച കൊണ്ട് തന്നെ നന്നായി വെളുത്തു, നിറം വെച്ചു.

ഒന്നര മാസം കഴിഞ്ഞപ്പോള്‍ മൂത്രത്തില്‍ അണുബാധയും പഴുപ്പും വന്നു. ഈ ക്രീം കൊണ്ടാണെന്ന് അന്ന് അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ അഡ്മിറ്റായി ഒരാഴ്ച ആന്റിബയോട്ടിക് കഴിച്ചു ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും അണുബാധയും കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായി. ഒന്നര മാസത്തോളം ഇങ്ങനെ ആശുപത്രിയുമായി ബന്ധപ്പെട്ട് നില്‍ക്കേണ്ടി വന്നു.’

പിന്നീട് കണ്ണിന്റെ പോളയിലും കാലുകളിലും നീര് വരികയും മൂത്രത്തില്‍ സോപ്പ് പത പോലെ പതയുകയും ചെയ്തതോടെയാണ് പരിശോധന നടത്തിയത്. ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വൃക്ക തകരാറിലാകാന്‍ സാധ്യതയുണ്ടെന്നും നെഫ്രോളജിസ്റ്റ് മുന്നറിയിപ്പ് നല്‍കി. ബയോപ്‌സി പരിശോധനയിലാണ് മെംബ്രനസ് നെഫ്രോപ്പതി സ്ഥിരീകരിച്ചത്.

രക്തപരിശോധനയില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. ആദ്യകാല ചികിത്സയില്‍ ആല്‍ബമിന്‍ 3+ എന്നത് 10+ ആയി ഉയര്‍ന്നതോടെ സ്റ്റിറോയിഡ് ചികിത്സ ഉള്‍പ്പെടെ എട്ട് മാസത്തോളം തുടര്‍ച്ചയായി ആശുപത്രിയില്‍ പോകേണ്ടിവന്നു. അണുബാധ തടയാന്‍ കേടുള്ള പല്ലുകള്‍ പോലും നീക്കം ചെയ്യേണ്ടി വന്നു.

ഒപ്പം ഉപയോഗിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ക്കും ഇതേ രോഗം വന്നപ്പോഴാണ് കാരണം വ്യക്തമായതെന്നും, ഇന്ന് ഒരു പെയിന്‍ കില്ലര്‍ പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കലാപരിപാടികള്‍ പലതും മാറ്റിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം വേദനയോടെ പങ്കുവെച്ചു.

ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഇന്‍സ്റ്റഗ്രാം പരസ്യം കണ്ട് ഓണ്‍ലൈന്‍ വഴി വാങ്ങിയ ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17 വയസ്സുകാരിക്ക് മെര്‍ക്കുറി വിഷബാധയേറ്റ് വൃക്കരോഗം ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം മേധാവി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA), ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

കുട്ടി ഉപയോഗിച്ച ക്രീമില്‍ അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ (1.25% / 12,500 ppm) മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയിലൂടെ പെണ്‍കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

‘ഓപ്പറേഷന്‍ സൗന്ദര്യ’യില്‍ 20,000 പിപിഎം മെര്‍ക്കുറി; ഡ്രഗ്സ് കണ്‍ട്രോള്‍ മുന്നറിയിപ്പ്

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ നടത്തിയ പരിശോധനകളില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുണ്ടായത്. 10 ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വകുപ്പ് പിടിച്ചെടുത്തു. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ പെര്‍ഫ്യൂമുകളും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്.

20,000 മടങ്ങ് മെര്‍ക്കുറി: സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ പരമാവധി 1 പിപിഎം (ppm) മെര്‍ക്കുറിയാണ് അനുവദനീയമായിട്ടുള്ളത്. എന്നാല്‍ പിടിച്ചെടുത്ത പാകിസ്ഥാന്‍ നിര്‍മ്മിതമായ രണ്ട് ഫെയര്‍നെസ് ക്രീമുകളില്‍ 20,000 പിപിഎം വരെ മെര്‍ക്കുറി അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള ലൈസന്‍സോ നിര്‍മ്മാതാവിന്റെ വ്യക്തമായ വിവരങ്ങളോ ഇല്ലാതെയാണ് പല ക്രീമുകളും വിപണിയിലെത്തുന്നത്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന കമ്പനികള്‍ക്കുമേല്‍ നേരിട്ട് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പരിമിതിയുള്ളതിനാല്‍ ഉപഭോക്താക്കള്‍ സ്വയം ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം അഭ്യര്‍ത്ഥിച്ചു.

Tags: Saleem Kodathoor Face Cream, Membranous Nephropathy Mercury Kerala, Operation Soundarya Drugs Control, Child Rights Commission Malappuram, 20000 PPM Mercury Cosmetics, Kerala Health News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക