തിരുവനന്തപുരം: പതിനെട്ട് വര്‍ഷമായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചു. 2008-ല്‍ തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായ ഏങ്ങണ്ടിയൂര്‍ വേട്ടയ്‌ക്കൊരുമകന്‍കടവ് ഉണ്ണിക്കൊച്ചന്‍ വീട്ടില്‍ രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് (46) യുഎഇയില്‍ നിന്ന് ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ചത്.
|
തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസിന്റെ പ്രത്യേക എസ്‌കോര്‍ട്ട് സംഘമാണ് യുഎഇയിലെത്തി ഇയാളെ ഏറ്റുവാങ്ങി കേരളത്തിലേക്ക് കൊണ്ടുവന്നത്.
പ്രതികാര കൊലപാതകവും 18 വര്‍ഷത്തെ ഒളിവുജീവിതവും
മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ പ്രതികാര കൊലപാതകത്തിലാണ് രാഗേഷ് പ്രതിചേര്‍ക്കപ്പെട്ടിരുന്നത്: 2006-ല്‍ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ വെച്ച് സുജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായിരുന്ന ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി ധനേഷിനെ, 2008-ല്‍ തിരുമംഗലം ക്ഷേത്രത്തിന് സമീപത്തുവെച്ച് മഴുവടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ് ഉണ്ണിക്കൊച്ചന്‍.
ഗുരുതരമായി പരിക്കേറ്റ ധനേഷിനെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
കൊലപാതകത്തിന് പിന്നാലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ രാഗേഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ഓപ്പണ്‍-ഡേറ്റഡ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇന്റര്‍പോള്‍ റെഡ് നോട്ടിസും ‘ഭാരത്‌പോള്‍’ നീക്കവും
വര്‍ഷങ്ങളായി പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കേരള പൊലീസ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടുകയായിരുന്നു. കേരള പൊലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യയിലെ ഇന്റര്‍പോള്‍ നോഡല്‍ ഏജന്‍സിയായ സിബിഐയുടെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (NCB) രാഗേഷിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടിസ് (RCN) പുറപ്പെടുവിച്ചു.
റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ യുഎഇ അധികൃതര്‍ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ സിബിഐയുടെ ‘ഭാരത്‌പോള്‍’ (BHARATPOL) സംവിധാനം വഴി നാടുകടത്തല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് കേരള പൊലീസിന്റെ പ്രത്യേക സംഘം യുഎഇയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്.
2026-ല്‍ നാട്ടിലെത്തിച്ചത് 73 പിടികിട്ടാപ്പുള്ളികളെ
വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സിബിഐയും ഇന്റര്‍പോളും നടത്തുന്ന നീക്കങ്ങള്‍ വലിയ വിജയമാണ് കാണുന്നത്. സിബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2019 മുതല്‍ ഇതുവരെ 281-ലധികം പിടികിട്ടാപ്പുള്ളികളെയാണ് ഇന്റര്‍പോള്‍ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്. ഇതില്‍ 73 കൊടുംകുറ്റവാളികളെയും വിദേശത്തുനിന്ന് പിടികൂടി നാട്ടിലെത്തിച്ചത് 2026-ല്‍ മാത്രമാണെന്നതും ശ്രദ്ധേയമാണ്. രാഗേഷിനെ തൃശൂര്‍ കോടതിയില്‍ ഹാജരാക്കി തുടര്‍ വിചാരണ നടപടികളിലേക്ക് കടക്കും.
Tags: Ragesh Unnikochan Arrest, CBI Interpol Red Notice, Thrissur Murder Case 2008, Engandiyur Dhanesh Murder, Kerala Crime Branch, UAE Deportation Kerala, Bharatpol CBI, Crime News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


