22
Nov 2026
Sun
22 Nov 2026 Sun

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൾ ഇ.എം. രാധ അന്തരിച്ചു. തിരുവനന്തപുരത്തെ കരകുളം ലോക മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മകളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊതുപ്രവർത്തകയും എഴുത്തുകാരിയുമായ ഇ.എം. രാധ കേരള വനിതാ കമ്മീഷൻ മുൻ അംഗമായിരുന്നു. സജീവ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും അവർ നിലപാടുകൾ വ്യക്തമാക്കിയിരുന്നു.

സിപിഐഎം നേതാവ് സി.കെ. ഗുപ്തനാണ് ഭർത്താവ്. ഇ.എം.എസിന്റെ മകൾ എന്ന നിലയിൽ പ്രത്യേക പരിഗണനകളോ സ്ഥാനമാനങ്ങളോ ആഗ്രഹിക്കാതെ സാധാരണ പാർട്ടി പ്രവർത്തകയായി ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അവർ പലപ്പോഴും വ്യക്തമാക്കിയിരുന്നു.

‘അച്ഛന്റെ ഓർമകളിൽ നിന്ന് ഇഎംഎസ്: മകളുടെ ഓർമകൾ’ എന്ന പുസ്തകവും രാധയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിതാവായ ഇ.എം.എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവെക്കുന്നതായിരുന്നു പുസ്തകം.

ചികിത്സയിൽ കഴിയുന്നതിനിടെ പാർട്ടി അവഗണിക്കുന്നുവെന്ന തരത്തിൽ 2026 നവംബറിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ പ്രചാരണം പൂർണമായും വ്യാജമാണെന്നും എല്ലാ കാലത്തും പാർട്ടി ഇ.എം.എസിന്റെ മകൾക്കൊപ്പമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി ഭർത്താവ് സി.കെ. ഗുപ്തൻ രംഗത്തെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക