വ്യാജ സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിനിയായ 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് മുന്നറിയിപ്പ് ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പരിശോധനകളുടെ ഭാഗമായി ഇതുവരെ പത്ത് ലക്ഷത്തിലേറെ രൂപയുടെ അപകടകരമായ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്.
|
പിടിച്ചെടുത്ത ഉൽപ്പന്നങ്ങളിൽ പാകിസ്താനിൽ നിർമിച്ച രണ്ട് ഫെയർനെസ് ക്രീമുകളിലാണ് ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തിയത്. അനുവദനീയമായ പരമാവധി അളവ് ഒരു പി.പി.എം ആയിരിക്കെ, പരിശോധനയിൽ ഈ ക്രീമുകളിൽ 20,000 പി.പി.എം വരെ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ മെഥൈൽ ആൽക്കഹോൾ അടങ്ങിയ പെർഫ്യൂമുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയത്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിർമാണ ലൈസൻസ്, ഉൽപ്പാദകന്റെ പേര്, വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ വ്യക്തമല്ലാത്ത ക്രീമുകളും സൗന്ദര്യവർധക വസ്തുക്കളും ഉപയോഗിക്കരുതെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇത്തരം ഉൽപ്പന്നങ്ങൾ വ്യാപകമായി വിൽക്കുന്നത് നിയന്ത്രിക്കുന്നതിൽ പരിമിതികളുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വിവരങ്ങളോ ഗുണനിലവാര ഉറപ്പോ ഇല്ലാത്ത ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, തുടർച്ചയായി ഫെയർനെസ് ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ 17കാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ക്രീമിലുണ്ടായിരുന്ന അമിതമായ മെർക്കുറി ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് വൃക്കയിലെ അരിപ്പയുടെ പ്രവർത്തനം തകരാറിലാകുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് രോഗകാരണം തിരിച്ചറിഞ്ഞത്. ഓൺലൈൻ വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയിരുന്നത്. വിദഗ്ധ ചികിത്സയ്ക്ക് പിന്നാലെ പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി പരിശോധനകൾ വ്യാപകമാക്കിയത്. വിപണിയിൽ വിൽക്കുന്ന പല സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും നിർമാതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ ആവശ്യമായ ലേബലുകളോ ഇല്ലെന്ന പരാതികളും നേരത്തേ ഉയർന്നിരുന്നു. മുഖം വെളുപ്പിക്കാനും സൗന്ദര്യം വർധിപ്പിക്കാനുമുള്ള ക്രീമുകൾ വാങ്ങുമ്പോൾ അവയുടെ ഉറവിടവും ചേരുവകളും ഗുണനിലവാരവും ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക


