മധുരയിലെ തിരുപ്പരങ്കുൺറം മലമുകളിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി. വിഷയം സുപ്രീംകോടതി പരിഗണിക്കുമെന്ന് അറിയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദവും ശക്തമായി. വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിനെതിരെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തി.
|
നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന കോടതി നിർദേശം ഉണ്ടായിരുന്നെങ്കിലും അധികൃതർ അത് നടപ്പാക്കിയിരുന്നില്ല. സംഭവത്തിൽ മധുര ജില്ലാ കലക്ടർ നിഷാന്ത് കൃഷ്ണ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. ദീപം തെളിയിക്കാത്തതിൽ മനഃപൂർവമായ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നാണ് കളക്ടറുടെ വിശദീകരണം.
ക്ഷേത്രത്തിലെ ട്രസ്റ്റിമാർ അനുമതി നിഷേധിച്ചതിനാൽ ദീപം തെളിയിക്കുന്നതിൽ ഇടപെടാൻ റവന്യൂ വകുപ്പിനോ പൊലീസിനോ നിയമപരമായ അധികാരമുണ്ടായിരുന്നില്ലെന്നും കളക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ ശ്രമിച്ചെന്ന ആരോപണവുമായി ഹർജിക്കാരന്റെ അഭിഭാഷകൻ രംഗത്തെത്തി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം, കോടതി നിർദേശിച്ച ദീപത്തൂണിൽ ദീപം തെളിക്കാതെ പരമ്പരാഗതമായി ദീപം തെളിക്കുന്ന ഉച്ചിപ്പിള്ളയാർ ദീപ മണ്ഡപത്തിലാണ് ക്ഷേത്രം ദീപം തെളിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിനായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെ ആചാരങ്ങളും ആഗമവിധികളും സംരക്ഷിക്കേണ്ടതുണ്ടെന്നും കാലങ്ങളായി പിന്തുടരുന്ന ആരാധനാരീതികൾക്കനുസരിച്ചാണ് ചടങ്ങ് നടത്തിയതെന്നും ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വി. ഷൺമുഖസുന്ദരം വിശദീകരിച്ചു.
ദീപത്തൂണിൽ ദീപം തെളിയിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുരുകഭക്തരെ സർക്കാർ വഞ്ചിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. ദീപം തെളിയിക്കുന്നതിനെതിരായ നിയമനടപടികൾക്കായി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് പൊതുപണം ചെലവഴിക്കുന്നതായും ബിജെപി ആരോപിച്ചു. സംഭവത്തിൽ സുപ്രീംകോടതിയുടെ തുടർനടപടികൾ നിർണായകമാകും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





