കുവൈത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു. ജർമൻ പ്രതിരോധ കമ്പനിയായ റെയിൻമെറ്റലിൽ (Rheinmetall) ജോലി ചെയ്തിരുന്ന സാങ്കേതിക വിദഗ്ധരാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
|
ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോണുകൾ ആക്രമണം നടത്തിയത്. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഡ്രോണുകളെ തടയുന്നതിനിടെ വീണ അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ വസ്തുവകകൾക്കും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയും ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം സജീവമാക്കിയിരുന്നു. സെപ്റ്റംബർ ആദ്യത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ഫെബ്രുവരി അവസാനത്തിൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ഊർജ അടിസ്ഥാന സൗകര്യങ്ങളും ആക്രമണങ്ങളുടെ ലക്ഷ്യമായിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കവും ശക്തമായി തുടരുകയാണ്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാനുള്ള ഇറാന്റെ നീക്കങ്ങളെ പ്രതിരോധിച്ച് കപ്പലുകൾക്ക് അകമ്പടി നൽകാനുള്ള നടപടികളിലാണ് അമേരിക്കൻ സൈന്യം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




