26
Nov 2026
Thu
26 Nov 2026 Thu

ജീവിതത്തിന്റെ സായാഹ്നത്തിൽ ഒറ്റപ്പെടലിന് വിരാമമിട്ട് പുതിയ ജീവിതം ആരംഭിച്ച് 75കാരനും 63കാരിയും. ഹിമാചൽ പ്രദേശിലെ ബിലാസ്പുരിലുള്ള വൃദ്ധസദനത്തിൽ കഴിയുകയായിരുന്ന കൻഹയ്യ ലാലും സബീനയുമാണ് വിവാഹിതരായത്. കുടുംബങ്ങളിൽ നിന്ന് അകറ്റപ്പെട്ട് ഒറ്റപ്പെട്ട ജീവിതം നയിച്ച ഇരുവരും പരസ്പരം തുണയാകാൻ തീരുമാനിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിലാസ്പുരിലെ ഘാഗാസിലുള്ള അപ്നാ ഘർ വൃദ്ധസദനത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. മാലയിടലും അഗ്നിക്ക് ചുറ്റുമുള്ള ഏഴ് പ്രദക്ഷിണങ്ങളും ഉൾപ്പെടെയുള്ള ചടങ്ങുകളിൽ വൃദ്ധസദനത്തിലെ അന്തേവാസികളും ജീവനക്കാരും മറ്റ് അതിഥികളും പങ്കെടുത്തു.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ഭദാനയും വിവാഹത്തിൽ പങ്കെടുത്തു. ദമ്പതികൾക്ക് ആശംസകൾ നേർന്ന അവർ വിവാഹസമ്മാനവും നൽകി. പ്രായം കൂടിയെന്നത് ജീവിതത്തിലെ സന്തോഷങ്ങളും പുതിയ ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള കാരണമല്ലെന്നും എല്ലാവർക്കും സന്തോഷകരമായ ജീവിതം നയിക്കാൻ അവകാശമുണ്ടെന്നും അവർ പറഞ്ഞു.

കൻഹയ്യ ലാലിന്റെ ജീവിതകഥ ഏറെ വേദനാജനകമാണ്. ഭാര്യ മരിച്ചതിന് പിന്നാലെ സ്വത്തുക്കൾ സഹോദരങ്ങളുടെ പേരിലേക്ക് മാറ്റിയ ഇദ്ദേഹത്തെ പിന്നീട് കുടുംബവീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് ഗുഹയിൽ കഴിയേണ്ടിവന്ന കൻഹയ്യ ലാലിനെ 2022ൽ അപ്നാ ഘർ സംഘടനയുടെ പ്രവർത്തകർ കണ്ടെത്തി വൃദ്ധസദനത്തിലെത്തിക്കുകയായിരുന്നു.

കൊൽക്കത്ത സ്വദേശിനിയായ സബീന വീടുവിട്ടിറങ്ങി അലഞ്ഞുതിരിഞ്ഞാണ് ഹിമാചൽ പ്രദേശിലെത്തിയത്. പിന്നീട് ഷിംലയിലെത്തിച്ച ഇവരെ 2025ൽ ബിലാസ്പുരിലെ വൃദ്ധസദനത്തിലേക്ക് മാറ്റി. ഇവിടെവെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. തുടർന്ന് ഒരുമിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.

വിവാഹശേഷം ഇരുവരും സോളൻ ജില്ലയിലെ നളഗഢിലുള്ള മറ്റൊരു വൃദ്ധസദനത്തിലേക്ക് മാറും. അവിടെ പുതിയ ജീവിതം ആരംഭിക്കാനാണ് തീരുമാനം. കുടുംബങ്ങൾ ഉപേക്ഷിച്ച രണ്ട് മനുഷ്യർക്ക് പരസ്പരം തുണയായി ജീവിതത്തിൽ പുതിയൊരു അധ്യായം തുറക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൃദ്ധസദനത്തിലെ അന്തേവാസികളും ജീവനക്കാരും.

ALSO READ: കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക