തിരുപ്പരങ്കുൺറം കാർത്തിക ദീപം വിവാദത്തിൽ തമിഴ്നാട് സർക്കാരിനും ക്ഷേത്ര അധികൃതർക്കുമെതിരെ കടുത്ത നടപടിയുമായി സുപ്രീംകോടതി. മധുരയിലെ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റ് ബോർഡ് സസ്‌പെൻഡ് ചെയ്ത കോടതി, ശനിയാഴ്ച വിവാദ ദീപത്തൂണിൽ ദീപം തെളിയിക്കാനും ഉത്തരവിട്ടു. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നുള്ള അഗ്നി ഉപയോഗിച്ചുവേണം ദീപത്തൂണിൽ വിളക്ക് തെളിക്കാനെന്നും നിർദേശിച്ചിട്ടുണ്ട്.
|
ക്ഷേത്രത്തിന്റെയും തിരുപ്പരങ്കുൺറം മലയുടെയും സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറാനും കോടതി ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ തമിഴ്നാട് പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. കോടതി ഉത്തരവുകൾ പാലിക്കപ്പെടേണ്ടതാണെന്നും അവ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ എം. പഞ്ചോളിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നടപടി. നവംബർ 20ലെ ഉത്തരവ് പ്രകാരം നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും അധികൃതർ അത് നടപ്പാക്കിയിരുന്നില്ല. പകരം പതിവ് ആചാരപ്രകാരം ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രമാണ് ദീപം തെളിച്ചത്.
സംഭവത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ഉദ്യോഗസ്ഥർ തമ്മിൽ കൈമാറിയ ഇ-മെയിലുകൾ, ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. കോടതി ഉത്തരവുകൾ മനഃപൂർവം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടിവരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ ഭരണപരമായ ആശയക്കുഴപ്പം നിലനിൽക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ നടപടികൾ പ്രാഥമികമായി വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചതും സുപ്രീംകോടതി ഉത്തരവ് അവഗണിച്ചതും ഗൗരവമുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ദീപത്തൂണിന് സമീപം എത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെ തമിഴ്നാട് പൊലീസ് തടഞ്ഞതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വൈകിട്ട് മൂന്നോടെ എഎസ്ഐ സംഘത്തെ പൊലീസ് തടയുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മറ്റൊരു ഏജൻസിയുടെ മേൽനോട്ടം ഉറപ്പാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





