29
Nov 2026
Sun
29 Nov 2026 Sun
Advertisement
center s next move will be one nation one election

മണ്ഡല പുനർനിർണയ ബിൽ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് വരാനിരിക്കെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ വേഗം കൂട്ടിയേക്കുമെന്ന് സൂചന. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുകയെന്ന ലക്ഷ്യത്തോടെ സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമോ എന്നതും ശ്രദ്ധേയമാണ്. മണ്ഡല പുനർനിർണയ ബിൽ പാസായാൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിനായിരിക്കും സർക്കാർ മുൻഗണന നൽകുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ മണ്ഡല പുനർനിർണയ കമ്മിഷന് രണ്ടുവർഷത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇതുവരെ രാജ്യത്ത് അഞ്ച് മണ്ഡല പുനർനിർണയ കമ്മിഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. 1952ൽ രൂപീകരിച്ച ആദ്യ കമ്മിഷൻ 1951ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകൾ 498 ആയും നിയമസഭാ സീറ്റുകൾ 3,280 ആയും നിശ്ചയിച്ചു. 1963ലെ രണ്ടാം കമ്മിഷൻ ലോക്‌സഭാ സീറ്റുകൾ 522 ആയും നിയമസഭാ സീറ്റുകൾ 3,771 ആയും ഉയർത്തി. 1973ലെ മൂന്നാം കമ്മിഷൻ 1971ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്‌സഭാ സീറ്റുകൾ 543 ആയും നിയമസഭാ സീറ്റുകൾ 3,997 ആയും പുനർനിശ്ചയിച്ചു.

2002ൽ ജസ്റ്റിസ് കുൽദീപ് സിങ്ങിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച നാലാമത്തെ കമ്മിഷൻ 2001ലെ സെൻസസ് അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചത്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തിയെങ്കിലും നിയമസഭാ സീറ്റുകൾ 3,997ൽ നിന്ന് 4,123 ആയി ഉയർത്തി. അഞ്ച് വർഷത്തിന് ശേഷം 2007 ഡിസംബറിലാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 2008ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച റിപ്പോർട്ട് അതേ വർഷം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നടപ്പാക്കിയത്. പിന്നീട് 2022ൽ ജമ്മു കശ്മീരിലും 2023ൽ അസമിലും മണ്ഡല പുനർനിർണയം നടത്തിയെങ്കിലും ഈ നടപടികളെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

പുതിയ കമ്മിഷന്റെ ഘടനയും അധികാരങ്ങളും സംബന്ധിച്ചും രാഷ്ട്രീയതർക്കം നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയായിരിക്കും കമ്മിഷൻ അധ്യക്ഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറോ അദ്ദേഹം നാമനിർദേശം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മിഷണറോ, ബന്ധപ്പെട്ട സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറോ അംഗങ്ങളായിരിക്കും. ഓരോ സംസ്ഥാനത്തുനിന്നും പത്ത് അസോസിയേറ്റ് അംഗങ്ങളെയും ഉൾപ്പെടുത്തും. ലോക്‌സഭാ സ്പീക്കർ നാമനിർദേശം ചെയ്യുന്ന അഞ്ച് എംപിമാരും അതത് നിയമസഭാ സ്പീക്കർ തിരഞ്ഞെടുക്കുന്ന അഞ്ച് എംഎൽഎമാരുമാണ് ഇവർ. എന്നാൽ റിപ്പോർട്ടിൽ വോട്ടുചെയ്യാനോ ഒപ്പിടാനോ ഇവർക്ക് അധികാരമുണ്ടാകില്ല. ഉപദേശക ചുമതല മാത്രമായിരിക്കും ഇവർക്കുണ്ടാകുക.

മണ്ഡല പുനർനിർണയ കമ്മിഷന്റെ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കമ്മിഷനിൽ കേന്ദ്രസർക്കാർ പൂർണ നിയന്ത്രണം ചെലുത്തുമെന്ന ആരോപണമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഉയർത്തുന്നത്. ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ സംബന്ധിച്ച തീരുമാനം സർക്കാർ നേരത്തെ തന്നെ എടുത്തിട്ടുണ്ടെന്നും കമ്മിഷൻ വഴി അത് ഔദ്യോഗികമായി നടപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. 2029ലെ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കമ്മിഷന് നടപടികൾ പൂർത്തിയാക്കാനാകുമോ എന്നതിലാണ് ഇനി ശ്രദ്ധ. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കേന്ദ്രം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ALSO READ: സ്റ്റാലിന്റെ നിലപാടിൽ മാറ്റമില്ല, മണ്ഡല പുനർനിർണയത്തിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement