22
Jan 2023
Wed
22 Jan 2023 Wed

ഒരു കിലോഗ്രാമിലേറെ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ
പിടിയിൽ.മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ്(32) ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 63 ലക്ഷം രൂപ വിലവരുമെന്നും പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച വൈകിട്ട് ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് നടത്തിയ എക്സ്റേ പരിശോധനയിലാണ് നാല് കാപ്സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം പൊലീസ് പിടികൂടുന്ന ആദ്യ സ്വര്‍ണക്കടത്താണിത്.