|
റിയാദ്: ക്രിസ്റ്റ്യാനോ റൊണോൾഡോയും ലയണൽ മെസിയും ഇന്ന് നേർക്കുനേർ. രാത്രി 10.30 ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റിയാനോ നയിക്കുന്ന സൗദി ഓൾ സ്റ്റാർ 11നെ മെസ്സിയുടെ നേതൃത്വത്തിലുള്ള പി.എസ്.ജി നേരിടും. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പർ താരങ്ങൾ കളിക്കളത്തിൽ കൊമ്പുകോർക്കാൻ ഒരുങ്ങുന്നത്.
യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമാണിത്. എതിരാളികൾ ലോക കിരീടം നേടിയ മെസിയുടെ പിഎസ്ജി. ജനുവരി ആദ്യത്തിൽ അൽ നസറിൽ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവർട്ടൺ ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ചതിനുള്ള രണ്ട് മത്സര വിലക്ക് നിലനിൽക്കുന്നതിനാലാണ് റൊണാൾഡോയ്ക്ക് കളിക്കാൻ സാധിക്കാതെ ഇരുന്നത്.
റൊണോൾഡോയെ നായകനാക്കി ഓൾ സ്റ്റാർ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അൽനാസർ, അൽഹിലാൽ എന്നീ ടീമിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് പ്ലയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. മെസി, എംബാപ്പെ, നെയ്മാർ അടങ്ങുന്ന ഫ്രഞ്ച് വമ്പൻമാരെ കീഴ്പ്പെടുത്തുക എളുപ്പമാവില്ല. ചരിത്രത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിൽ ക്ലബ്, രാജ്യാന്തര വേദികളിൽ ആയി ഇതുവരെ 36 മത്സരങ്ങൾ അരങ്ങേറി. അതിൽ 16 തവണ മെസി ജയിച്ചു, 11 മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും.
ഇത്രയും മത്സരങ്ങളിലായി ലയണൽ മെസി 22 ഗോൾ നേടിയപ്പോൾ റൊണാൾഡോ 21 തവണ എതിർ വല കുലുക്കി. 2020 ഡിസംബറിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിൽ അവസാനമായി ഒരു മത്സരം നടന്നത്. ഇന്ത്യയിൽ തത്സമയ ടെലിവിഷൻ സംപ്രേഷണം ഇല്ല. പിഎസ്ജി ടിവി, ബിഇൻ സ്പോർട്സ് എന്നിവയിലൂടെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.



