23
Jan 2023
Sun
23 Jan 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പതിനായിരം സംരംഭകരാണ് ഇന്നലെ കൊച്ചി കലൂർ മൈതാനിയിൽ ഒത്തുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത പരിപാടിയിൽ വ്യവസായി മന്ത്രി പി. രാജീവ് ആണ് അധ്യക്ഷതവഹിച്ചത്. പരിപാടിയിൽ പങ്കെടുത്ത കാസർകോട്ടുനിന്നുള്ള യുവസംരംഭക ഷാക്കറിയെ തന്റെ ഫേസ്ബുക്ക് പേജിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് മന്ത്രി രാജീവ്. ന്യൂട്രി മിക്‌സ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച മറിയം ശക്കീറയെയാണ് മന്ത്രി പരിചയപ്പെടുത്തിയത്.

മന്ത്രിയുടെ കുറിപ്പ് വായിക്കാം:
കാസർഗോഡ് ബദിയടുക്കയിൽ നിന്നുള്ള മറിയം ഷക്കീറ ഏതാനും മാസങ്ങൾ മുൻപ് വരെ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു. എന്നാൽ ഇന്ന് നാടിന്റെ അഭിമാനമായ സംരംഭകയാണ് അവർ. സംരംഭക വർഷം പദ്ധതിയിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന വിവിധ ന്യൂട്രി മിക്‌സ് ഉൽപന്നങ്ങൾ മാർക്കറ്റിലിറക്കിയാണ് മറിയം സംരംഭകയായത്.

നൂറിക്‌സ് എന്ന പേരിൽ തയ്യാറാക്കുന്ന ഈ ഉൽപന്നങ്ങൾക്ക് ഇന്ന് ആവശ്യകാരേറെയാണ്. ഇതിനു പുറമെ പ്രമേഹരോഗികൾക്കുപയോഗിക്കാവുന്ന വിവിധ ഉത്പന്നങ്ങളും മറിയം തയ്യാറാക്കുന്നുണ്ട്. ചക്ക പൊടിയുൾപ്പടെ ഉൾപ്പെടുത്തി പ്രത്യേകമായി തയ്യാറാക്കിയ പത്തിരി പൊടിയാണ് ഉൽപന്നങ്ങളിലെ താരം.
സംരംഭകയാകാനുള്ള മറിയത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണയേകിയത് കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രമാണ്.

ഇവരുടെ സഹായത്തോടെ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മറിയം തന്റെ ഉൽപന്നം വിപണിയിലെത്തിച്ചത്. ഉല്പന്നങ്ങളുടെ മാർക്കറ്റിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിലും പിന്തുണ നൽകി വ്യവസായ വകുപ്പ് മറിയത്തിനൊപ്പമുണ്ട്. മറിയം ഷക്കീറയ്ക്ക് ഉറപ്പുണ്ട് കേരളം നിക്ഷേപ സൗഹൃദമാണെന്ന്. കാരണം സർക്കാർ മറിയം ഷക്കീറയ്‌ക്കൊപ്പമുണ്ട്.