23
Feb 2023
Sun
23 Feb 2023 Sun

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ വിശ്വനാഥൻ മരണപ്പെട്ടത് ആൾക്കൂട്ട ആക്രമണത്തെ തുടർന്നാണ് എന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി. മോഷണ കുറ്റം ആരോപിച്ച് നിരപരാധിയായ ആദിവാസി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും , മോഷ്ടാവെന്ന് മുദ്രയടിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തവരെ പ്രതികളാക്കി ഉടൻ അറസ്റ്റ് ചെയ്യണം. ഇത്തരം സംഭവങ്ങളിലെ പ്രതികൾ സംരക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ നില നിൽക്കുന്നത്. അട്ടപ്പാടിയിലെ മധുവും, ആറ്റിങ്ങലിലെ പെൺകുട്ടിയും ഉൾപ്പെടെ നിരവധിപേർ ഇതിന് ഉദാഹരണങ്ങളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിറന്നു വീണയുടൻ അച്ഛനെ നഷ്ടപ്പെട്ട വിശ്വനാഥൻ്റെ കുട്ടിക്കും, ആരുമില്ലാതായ വിശ്വനാഥൻ്റെ ഭാര്യയ്ക്കും, കുടുംബത്തിനും സംരക്ഷണം നല്കാൻ ഗവൺമെന്റ് തയ്യാറാവണം. 20 ലക്ഷം രൂപ നഷ്ട്ടപരിഹാരം നൽകണം. വിശ്വനാഥനെ മർദ്ദിക്കുന്നത് കണ്ടിട്ടും രക്ഷിക്കുവാനോ, മെഡിക്കൽ കോളേജ് പോലീസിനെ അറിയിക്കാനോ തയ്യാറാകാതിരുന്ന സെക്യൂരിറ്റി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്യണം. മോഷണാരോപണത്തിത്തിൽ സംഭവിച്ച മാനഹാനിയിലും, ക്രൂരമായ മർദ്ദനത്തേയും തുടർന്നാണ് വിശ്വനാഥനെ കാണാതാവുന്നത്.

വിശ്വനാഥനെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ബന്ധുക്കളെ പോലീസ് അധിക്ഷേപിച്ച്‌ ഇറക്കി വിടുകയാണുണ്ടായത്. പോലീസ് നീതിപൂർവ്വം പെരുമാറിയിരുന്നെങ്കിൽ വിശ്വനാഥനെ രക്ഷിക്കാമായിരുന്നു. കുറ്റകരമായ അനാസ്ഥയും , അവഗണനയും പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. മെഡിക്കൽ കോളജിലെ സി.സി.റ്റി വി ദൃശ്യങ്ങൾ പരിശോധിച്ച് വിശ്വനാഥനെ മർദ്ദിച്ചവരെ കണ്ടെത്തി നരഹത്യക്ക് അറസ്റ്റ് ചെയ്യണമെന്നും, മെഡിക്കൽ കോളജിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.