22
Feb 2023
Sun
22 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കൾ സ്വന്തമാക്കാൻ നരേന്ദ്രമോദി സർക്കാർ നീക്കം തുടങ്ങി. ഡൽഹി ഭരിക്കുന്ന എ.എ.പി സർക്കാരിന് കീഴിലുള്ള വഖ്ഫ് ബോർഡ് ഉടമസ്ഥതയിലുള്ള 123 സ്വത്തുവകകളാണ് കേന്ദ്ര നഗരവികസന മന്ത്രാലയം സ്വന്തമാക്കുന്നത്. പള്ളികൾ, ദർഗകൾ, ഖബർസ്ഥാനുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഏറ്റെടുക്കുന്നത്. ഡൽഹിയിലെ കണ്ണായ സ്ഥലത്തുള്ള ഈ സ്വത്തുക്കൾക്ക് ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കും.

123 സ്വത്തുക്കൾ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം എട്ടിന് ലാൻഡ് ഡെവലപ്പ്മെന്റ് ഡെപ്യൂട്ടി ഓഫിസർ വഖ്ഫ് ബോർഡിന് കത്തുനൽകിയിരുന്നു. ഈ സ്വത്തുക്കൾക്ക് മേൽ ഇനി വഖ്ഫ് ബോർഡിന് അവകാശമുണ്ടായിരിക്കില്ലെന്ന് അറിയിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം നോട്ടിസ് പതിച്ചിട്ടുമുണ്ട്.
വിരമിച്ച ജഡ്ജി എസ്.പി ഗാർഗിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ കമ്മിറ്റി ലാൻഡ് ഡെവലപ്പ്മെന്റ് ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ വഖ്ഫ് ബോർഡ് എതിർപ്പുന്നയിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.

വർഷങ്ങളായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഈ സ്വത്തുക്കൾ 2014ൽ യു.പി.എ സർക്കാരിന്റെ കാലത്താണ് വഖ്ഫ് ബോർഡിന് അനുവദിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരേ വി.എച്ച്.പി കോടതിയെ സമീപിച്ചു. ഇതുപ്രകാരം വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ ഇക്കാര്യം അന്വേഷിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. ഇരുവിഭാഗത്തോടും സംസാരിച്ച് റിപ്പോർട്ട് തയാറാക്കാനായിരുന്നു നിർദേശം. വിഷയത്തിൽ ഇരുവിഭാഗത്തെയും സമിതി ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഡൽഹി വഖ്ഫ് ബോർഡ് അവഗണിക്കുകയായിരുന്നുവെന്ന വിമർശനമുണ്ട്. എ.എ.പി സർക്കാരിന്റെ അനാസ്ഥയാണ് വഖ്ഫ് സ്വത്ത് നഷ്ടപ്പെടാൻ കാരണമെന്നാണ് ആക്ഷേപം.

എന്നാൽ ഇക്കാര്യം നിഷേധിച്ച എ.എ.പി എം.എൽ.എയും വഖ്ഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ല ഖാൻ, വഖ്ഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലെന്ന് അറിയിച്ചു.