21
Feb 2023
Thu
21 Feb 2023 Thu

ബസിൽ യാത്രക്കാരിയുടെ സീറ്റിൽ യുവാവ് മൂത്രമൊഴിച്ചു. 32കാരനായ യുവാവാണ് മൂത്രമൊഴിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹുബ്ബള്ളിക്ക് സമീപത്തുവച്ചാണ് നോൺ എസി സ്ലീപ്പർ ബസിലെ യാത്രക്കാരൻ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയതും സീറ്റിൽ മൂത്രമൊഴിച്ചതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിജയപുരയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎ-19 എഫ്-3554 രജിസ്‌ട്രേഷനുള്ള ബസിലാണ് സംഭവം. ഹുബ്ബള്ളിക്ക് അടുത്തുള്ള കിരേസൂരിലെ ഒരു ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോഴാണ് യുവാവ് വനിതാ യാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ചത്.

യുവതി ബഹളം വച്ചത് കേട്ട് ഓടിയെത്തിയ ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ചു. മദ്യലഹരിയിലായിരുന്ന ഇയാൾ ഇവരെ കൈയേറ്റം ചെയ്യാനും അസഭ്യം പറയാനും ശ്രമിച്ചു. എന്നാൽ പൊലീസിൽ പരാതി നൽകാൻ യുവതി വിസമ്മതിച്ചതോടെ ബസ് യാത്ര തുടരുകയായിരുന്നു.

കഴിഞ്ഞ വർഷം നവംബർ 26ന് ന്യൂയോർക്ക്- ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ബിസിനസ് ക്ലാസ് യാത്രക്കാരൻ 70കാരിയായ സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായിരുന്നു. ശങ്കർ മിശ്രയെന്ന യാത്രക്കാരനാണ് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതും അപമര്യാദയായി പെരുമാറിയതും.