കോഴിക്കോട്: മത-ജാതി ഭേദമില്ലാതെ എന്നും മനുഷ്യരെ സ്‌നേഹിക്കുകയും നിസ്സഹായരുടെ കണ്ണീരൊപ്പുകയും ചെയ്ത ഋഷിതുല്യ വ്യക്തിത്വത്തിന് ഉടമയും വേറിട്ട പാത സ്വീകരിച്ച ഇസ്ലാം പ്രബോധകനുമായിരുന്ന കെ.എം. രിയാലു സാഹിബിനെ കുറിച്ച് ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ ”കെ എം രിയാലു: ഒറ്റക്കൊരു പ്രസ്ഥാനമായി മാറിയ പ്രബോധകന്‍’ എന്ന ഓര്‍മപ്പുസ്തകം മുന്‍ അലിഗഡ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസ് മാര്‍ച്ച് 9ന് പ്രകാശനം ചെയ്യും. വൈകീട്ട് 4ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളിലാണ് പരിപാടി.
|
ഇസ്ലാമിക സാഹോദര്യത്തിന്റെ വെളിച്ചം പ്രസരിപ്പിച്ച പ്രബോധകനും ആയിരക്കണക്കിന് ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഗുരുനാഥനും ദാരിദ്ര്യവും വേദനയും അനുഭവിച്ച മനുഷ്യര്‍ക്ക് എന്നും എവിടെയും താങ്ങായിനിന്ന മനുഷ്യസ്‌നേഹിയും നൂതന സംരംഭങ്ങള്‍ക്ക് സധൈര്യം മുന്നിട്ടിറങ്ങിയ പ്രതിഭാധനനും ആയിരുന്നു കെ എം രിയാലു സാഹിബ് എന്ന ശൈഖ് രിയാലു മൂസാ മലബാരി.
രിയാലു സാഹിബിന്റെ ഇളയ സഹോദരന്‍ കെ.പി. അബ്ദുല്‍ ഖാദര്‍ പുസ്തകം ഏറ്റുവാങ്ങും. പി കെ ജമാല്‍, ഒ അബ്ദുല്ല, ഹാഷിം ഹദ്ദാദ് തങ്ങള്‍, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അബ്ദുറഹ്‌മാന്‍ ആദൃശ്ശേരി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ തുടങ്ങി മത, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രഗല്‍ഭമതികള്‍ സംബന്ധിക്കും. രിയാലു സാഹിബ് റിസര്‍ച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആശയം ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.


