30
Mar 2023
Tue
30 Mar 2023 Tue

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി അങ്കത്തട്ട് മാറ്റിയേക്കും. ഇനി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. വയനാട്ടിൽ നിന്ന് നാല് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു രാഹുൽ ​ഗാന്ധിയുടെ മിന്നുംജയം. കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാലും വൻ വിജയം സുനിശ്ചിതമാണെന്നാണ് കോൺ​ഗ്രസ് വിലയിരുത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിൽ കോൺ​ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരി എംപി. 2019ൽ തമിഴ്നാട്ടിൽ നിന്നുമുളള ചില എംപിമാർ കന്യാകുമാരിയിൽ നിന്ന് പ്രിയങ്ക ​ഗാന്ധിയെ മത്സരിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു എന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് കാരണങ്ങളാണ് രാഹുൽ ​ഗാന്ധിയെ കന്യാകുമാരിയിലേക്ക് കൊണ്ടുവരുന്നതിന് ഉളളതെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമായ ഒരു സീറ്റിൽ നിന്ന് രാഹുൽ ​ഗാന്ധിയെ മത്സരിപ്പിക്കുകയെന്ന കോൺ​ഗ്രസിന്റെ തീരുമാനമാണ് ഒന്നാമത്തേത്. ഡിഎംകെ- ഇടതുപക്ഷ സഖ്യത്തിനൊപ്പം നിന്ന് ബിജെപിക്ക് എതിരെ മത്സരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ള മുതിർന്ന ഇടത് നേതാക്കളുമായുള്ള അടുപ്പം കണക്കിലെടുത്ത് കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ​ഗാന്ധി മത്സരിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചെന്നാണ് ചില നേതാക്കളുടെ വിലയിരുത്തൽ. മത്സരം ബിജെപിക്കെതിരെയാണെന്ന് വരുത്താനാണ് കന്യകുമാരിയിലേക്കുളള മാറ്റമെന്നും രണ്ടാമത്തെ കാരണമായി റിപ്പോർട്ടിൽ പറയുന്നു.

രാഹുൽ കന്യാകുമാരിയിൽ മത്സരിക്കുകയാണെങ്കിൽ കോൺ​ഗ്രസിന്റേയും ഇടതുപക്ഷത്തിന്റേയും സംയുക്ത സ്ഥാനാർഥിയായിട്ടായിരിക്കും മത്സരിക്കുക. 2019ൽ വയനാട് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാഹുലിനായി കന്യാകുമാരിക്കൊപ്പം ബെം​ഗളൂരു റൂറലിലും ആലോചിച്ചിരുന്നുവെന്ന് ഒരു നേതാവ് പറഞ്ഞു. രാഹുൽ കന്യാകുമാരിയിലേക്ക് നീങ്ങുകയാണെങ്കിൽ ബെം​ഗളൂരു റൂറലിൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ മത്സരിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത് കന്യാകുമാരിയിൽ നിന്നായിരുന്നു. മാർച്ച് 19ന് കോൺഗ്രസ് മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയ കെ സി വേണുഗോപാൽ രാഹുൽ ഗാന്ധി കന്യാകുമാരിയിൽ മത്സരിക്കുമെന്ന കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

വിവിധ സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയമായെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി. 2019ൽ വയനാട്ടിൽ നിന്ന് 7,06,367 വോട്ട് നേടിയാണ് സിപിഐയിലെ പി പി സുനീറിനെ രാഹുൽ തോൽപിച്ചത്. 2,74,597 വോട്ടുകളായിരുന്നു സുനീറിന്റെ സമ്പാദ്യം.