30
May 2023
Tue
30 May 2023 Tue

കോട്ട: വിഷം ചീറ്റൽ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ ബിജെപി എംഎൽഎ രാജാ സിങ്. രാജ്യത്തെ ഹിന്ദുക്കളുടെ ആവശ്യമനുസരിച്ച് 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് രാജാ സിങ്ങിന്റെ വിദ്വേഷ പ്രസ്താവന. രാജസ്ഥാനിലെ കോട്ടയിൽ മഹാറാണാ പ്രതാപ് ജയന്തിയോട് അനുബന്ധിച്ച് നടന്ന ശൗര്യവാഹൻ റാലിയിലും സ്വാഭിമാൻ സഭാ യോഗത്തിലുമാണ് രാജാസിങ് വിഷം തുപ്പിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മതവും രാഷ്ട്രവും സംരക്ഷിക്കാനും ലൗ ജിഹാദും തീവ്രവാദ സംഘടനകളേയും അവസാനിപ്പിക്കാനും ഓരോ യുവാക്കളും മഹാറാണാ പ്രതാപ് ആകേണ്ടതുണ്ടെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് രാജാ സിങ് പറഞ്ഞു. ഇത്തരം തീവ്രവാദ സംഘടനകൾ രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയില്ല.

മഹാറാണാ പ്രതാപിന്റെ കാലത്ത് രാജ്യദ്രോഹികൾ ജയ്ചന്ദ് വേഷം കെട്ടി മതത്തെ തകർക്കുന്ന ജോലി ചെയ്തിരുന്നു. ഇപ്പോളും ചില ജയ്ചന്ദുകൾ സമാനമായ ജോലി ചെയ്യുന്നു. ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണം. മതവും രാഷ്ട്രവും സംരക്ഷിക്കുന്ന യുവാക്കൾക്ക് മാത്രമേ ഈ ജോലി ചെയ്യാൻ കഴിയൂ- രാജാ സിങ് പറഞ്ഞു.

രാജസ്ഥാനിൽ രാമനവമി റാലിക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചും രാജാ സിങ് രംഗത്തെത്തി. അന്യസംസ്ഥാനത്തുനിന്നുള്ള കൈയേറ്റക്കാർ ഇവിടെയെത്തുന്നത് ഇവിടുത്തെ നിയമത്തിൽ അലംഭാവം ഉള്ളതുകൊണ്ടാണ്. എന്നാൽ ഇപ്പോൾ ആവശ്യം ഉയരാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ ആവശ്യമനുസരിച്ച് 2025-26 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും- രാജാ സിങ് അവകാശപ്പെട്ടു.

നിരന്തരം വിദ്വേഷപ്രസം​ഗത്തിലൂടെ കുപ്രസിദ്ധനായ നേതാവാണ് രാജാ സിങ്. രാമനവമി റാലിക്കിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഹൈദരാബാദ് അഫ്സൽഗഞ്ച് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമുദായ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ വർഷം ജനുവരിയിൽ മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് ടി രാജാസിങ്. അതിനു മുമ്പ് പ്രവാചക നിന്ദ നടത്തിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.