30
May 2023
Sat
30 May 2023 Sat

ഒരു പാത്രം വാങ്ങിയാല്‍ ഒന്ന് സൗജന്യമെന്ന വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടമായത് 90000 രൂപ. ഡല്‍ഹിയിലാണ് സംഭവം. സവിത ശര്‍മ എന്ന 40കാരിക്കാണ് പണം നഷ്ടമായത്. ആപ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശം പാലിച്ചതിനു പിന്നാലെയാണ് യുവതിക്ക് പണം നഷ്ടമായത്. ബാങ്ക് ജീവനക്കാരിയാണ് സവിത ശര്‍മ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 നവംബര്‍ 27നാണ് യുവതി ഫേസ്ബുക്കില്‍ ഇത്തരമൊരു പരസ്യം കണ്ടത്. പരസ്യത്തിലെ നമ്പരില്‍ വിളിച്ച് ഓഫറിനെക്കുറിച്ച് തിരക്കാന്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് ആ നമ്പരില്‍ നിന്ന് തിരികെ വിളിയെത്തി. ഓഫര്‍ നേടുന്നതിന് തരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ആപ് ഉപയോഗിക്കുന്നതിന് യൂസര്‍നെയിമും പാസ് വേഡും വിളിച്ചയാള്‍ നല്‍കി.

ആപ് ഡൗണ്‍ലോഡ് ചെയ്തതിനു ശേഷം വിളിച്ചയാള്‍ നല്‍കിയ യൂസര്‍നെയിമും പാസ് വേഡും നല്‍കിയതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയായിരുന്നു യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ 40000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി സന്ദേശം വന്നു. തൊട്ടുപിന്നാലെ 50000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പേടിഎം അക്കൗണ്ടിലേക്കും അവിടെ നിന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കുമാണ് പണം പോയതെന്നും താന്‍ ഇത്തരം വിവരങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും യുവതി പറയുന്നു. ഉടന്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.