ന്യൂഡൽഹി: പീഡനക്കേസിലെ പ്രതി ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മേധാവിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഡൽഹി പോലീസ് കൈകാര്യം ചെയ്ത നടപടിയെ വിമർശിച്ച് ഒളിംപിക് സ്വർണമെഡൽ ജേതാവും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അത്ലറ്റ്സ് കമ്മീഷൻ അംഗവുമായ അഭിനവ് ബിന്ദ്ര. ഇന്ത്യൻ ഗുസ്തി താരങ്ങളെ നിലത്തുകൂടി വലിച്ചിഴച്ച ദൃശ്യങ്ങൾ തന്നെ വേട്ടയാടുകയാണെന്ന് ബിന്ദ്ര ട്വീറ്റ് ചെയ്തു. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനെതിരെയാണ് പോലീസ് കടുത്ത നടപടി സ്വീകരിച്ചത്.
|
കഴിഞ്ഞ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും തന്റെ സഹ ഇന്ത്യൻ താരങ്ങൾ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങൾ വല്ലാതെ വേട്ടയാടുന്നുവെന്നും പറഞ്ഞ അദ്ദേഹം സമാന സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും മാന്യമായും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഓരോ കായികതാരവും സുരക്ഷിതമായ പ്രചോദനാത്മകമായ അന്തരീക്ഷം അർഹിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പറഞ്ഞു.


