18
Jun 2023
Sat
18 Jun 2023 Sat

കന്യാകുമാരി: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ അമർഷത്തിൽ കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകൻ ബെർജിൻ ജോശ്വ (23) ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകൾ ഡാൻ നിഷയെയാണ് (23) യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- മാർത്താണ്ഡത്തിലെ സ്വകാര്യ കോളജിൽ പഠിക്കുന്നത് മുതൽ നിഷയും ജോശ്വയും തമ്മിൽ പ്രണയത്തിലായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ രണ്ട് മാസത്തിന് മുമ്പ് ജോശ്വയുമായുള്ള ബന്ധത്തിൽ നിന്ന് നിഷ പിൻമാറി.

ഇതേതുടർന്ന് ജോശ്വ തന്റെ കൈവശം ഉണ്ടായിരുന്ന നിഷയുടെ ലാപ്ടോപ് തരാമെന്ന് പറഞ്ഞ് യുവതിയെ മാർത്താണ്ഡത്തിൽ വിളിച്ചു വരുത്തി. പഴയ സ്വകാര്യ കമ്പനിയുടെ പിൻവശത്ത് യുവതിയെ കൂട്ടിക്കൊണ്ടു പോയ ജോശ്വ ഒളിച്ചുവച്ചിരുന്ന അരിവാൾ കൊണ്ട് നിഷയുടെ തലയിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോഴേക്കും ജോശ്വ അവിടെ നിന്ന് കടന്നുകളഞ്ഞു.

തുടർന്ന് വിരികോട് റെയിൽവേ പാളത്തിലെത്തി ട്രെയിനിന് മുന്നിലേക്ക് ചാടി മരിക്കുകയായിരുന്നു. നിഷയെ നാട്ടുകാർ രക്ഷിച്ച് കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിഷയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജോശ്വയുടെ മൃതദേഹം കൈപ്പറ്റിയ നാഗർകോവിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മാർത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക