01
Jun 2023
Sun
01 Jun 2023 Sun

അബൂദബി: യു.എ.ഇയിൽ ഒരേസമയം ഒരുപ്രവാസിക്ക് രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാവുന്ന വിധത്തിൽ നിയമ ഭേദഗതി. ഇതു പ്രകാരം ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അതോറിറ്റിയുടെ വ്യവസ്ഥകൾ പാലിക്കുന്ന മുസ്ലിം പ്രവാസിക്ക് രണ്ട് ഭാര്യമാർക്കും അവരുടെ കുട്ടികൾക്കും താമസ വിസ ലഭിക്കും. ചില പ്രത്യേക സാഹചര്യങ്ങളിലും വ്യവസ്ഥകൾക്കനുസൃതമായും മുസ്ലിം പ്രവാസികൾക്ക് ഒരേസമയം രണ്ട് ഭാര്യമാരെ സ്പോൺസർ ചെയ്യാമെന്ന് അൽ ഖലീജ് പത്രം റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറബിയിൽ സാക്ഷ്യപ്പെടുത്തിയതോ അല്ലെങ്കിൽ സർട്ടിഫൈഡ് ട്രാൻസ്ലേറ്റർ അറബിയിലേക്ക് വിവർത്തനം ചെയ്തതും ശരിയായി സാക്ഷ്യപ്പെടുത്തിയതുമായ വിവാഹ കരാറാണ് വ്യവസ്ഥകളിൽ പ്രധാനം. യു.എ.ഇയിലെ ഒരു പിതാവിന് അവിവാഹിതരായ പെൺമക്കളെ അവരുടെ പ്രായം പരിഗണിക്കാതെ സ്പോൺസർ ചെയ്യാനും അനുവദിക്കുന്നു. ആൺമക്കളെ 25 വയസ്സ് വരെ മാത്രമേ പിതാവിന് സ്പോൺസർ ചെയ്യാൻ കഴിയൂ. 25 വയസ്സിന് ശേഷം മക്കൾ പഠിക്കുന്ന സന്ദർഭങ്ങളിൽ പിതാവിന് സ്പോൺസർ ചെയ്യാൻ അനുവാദമുണ്ട്.

കുഞ്ഞ് ജനിച്ച് 120 ദിവസത്തിനുള്ളിൽ പിതാവ് റസിഡൻസ് പെർമിറ്റ് നേടിയിരിക്കണം. ഫെഡറൽ അതോറിറ്റിയുടെ നിബന്ധനകൾ പാലിച്ച് ഒരു പ്രവാസിക്ക് തന്റെ ഭാര്യയുടെ മുൻ വിവാഹത്തിൽ നിന്നുള്ള കുട്ടികളെ സ്പോൺസർ ചെയ്യാനും കഴിയും. കുട്ടികളുടെ യഥാർഥ പിതാവിൽ നിന്നുള്ള സമ്മതപത്രവും സെക്യൂരിറ്റി ഡെപ്പോസിറ്റും ഇതിന് ആവശ്യമാണ്. റസിഡൻസ് പെർമിറ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും, വ്യവസ്ഥകൾക്ക് അനുസൃതമായി വർഷം തോറും പുതുക്കാവുന്നതാണ്.