ന്യൂഡൽഹി: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ഇന്ന്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും. ലോകത്തെ വിവിധ രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി നടന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ സ്ഥാനപതിമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
|
അമേരിക്കൻ പര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. ‘യോഗയിലൂടെ ആരോഗ്യം’ എന്ന സന്ദേശം മുൻനിർത്തിയാണ് അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ യോഗ ദിനം ആചരിക്കാൻ ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഇന്ത്യ മുന്നോട്ട് വെച്ച അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുന്നുണ്ട്.
യോഗയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനും അതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമം ആചരിക്കാറുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് യോഗയെ സ്വീകാര്യമാക്കുന്നത്. ഏകാഗ്രത വർദ്ധിപ്പിക്കുക, മൊത്തത്തിലുള്ള ക്ഷേമം വളർത്തുക എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ ആരോഗ്യ ആനുകൂല്യങ്ങൾക്ക് യോഗ പ്രശസ്തമാണ്.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന അർത്ഥം വരുന്ന ‘വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. 2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ദിനം എന്ന ആശയവുമായി മുന്നോട്ട് വന്നത്. 2015 മുതൽ എല്ലാ വർഷവും ജൂൺ 21ന് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നു.


