92-ാം വയസ്സിലും ശസ്ത്രക്രിയകൾ നടത്തി വൈദ്യസേവനം തുടരുകയാണ് തെലങ്കാന സ്വദേശിനിയായ ഗൈനക്കോളജിസ്റ്റ് ഡോ. സൂരി ശ്രീമതി. 1958ൽ എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ചികിത്സാരംഗത്ത് സജീവമാണ്.
ബിബിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഡോ. ശ്രീമതിയുടെ സേവനജീവിതം ശ്രദ്ധ നേടിയത്.
|
സർജിക്കൽ ക്യാപും മാസ്‌കും ധരിച്ച് ഓപ്പറേഷൻ തിയറ്ററിലേക്ക് നടക്കുന്ന ഡോക്ടർ ഇപ്പോഴും ശസ്ത്രക്രിയകൾ നടത്തുന്നതായി വീഡിയോയിൽ കാണാം.അടുത്തിടെ ഒരു ദിവസം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെന്നും അതിൽ സിസേറിയനും ഉൾപ്പെട്ടിരുന്നുവെന്നും ഡോ. ശ്രീമതി പറയുന്നു. ആ ശസ്ത്രക്രിയയിൽ ഇരട്ടക്കുട്ടികളാണ് പിറന്നതെന്നും അവർ വ്യക്തമാക്കി.
സ്വയം വാഹനമോടിച്ചാണ് ഇപ്പോഴും ജോലിക്കെത്തുന്നത്. പുതിയ ചികിത്സാരീതികളെക്കുറിച്ച് അറിയാൻ മെഡിക്കൽ ജേണലുകൾ വായിക്കുകയും മെഡിക്കൽ കോൺഫറൻസുകളിലും യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഫാർമസ്യൂട്ടിക്കൽ പ്രതിനിധികളിൽനിന്ന് പുതിയ മരുന്നുകളെയും ചികിത്സകളെയും കുറിച്ചുള്ള വിവരങ്ങളും അവർ ശേഖരിക്കുന്നു.
മൂന്ന് തലമുറകളിലെ രോഗികളെ ചികിത്സിച്ചിട്ടുണ്ടെന്നും ഡോ. ശ്രീമതി പറയുന്നു. തനിക്ക് മൂന്ന് സിസേറിയൻ ശസ്ത്രക്രിയകളും നടത്തിയത് ഡോ. ശ്രീമതിയാണെന്ന് വീഡിയോയിലെ ഒരു രോഗിയായ കോട്ടേരു തുളസി പറഞ്ഞു. പ്രായത്തെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും ഡോക്ടർ തനിക്ക് ആത്മവിശ്വാസം നൽകിയെന്നും അവർ വ്യക്തമാക്കി.
സഹ ഗൈനക്കോളജിസ്റ്റായ ഡോ. രാജനി കുമാരി ഡോ. ശ്രീമതിയുടെ കൈകളുടെ സ്ഥിരതയെക്കുറിച്ച് പറയുന്നതും വീഡിയോയിലുണ്ട്. “ചിലപ്പോൾ ഞങ്ങളുടെ കൈകൾ വിറയ്ക്കാം, പക്ഷേ അവരുടെ കൈകൾ വിറയ്ക്കില്ല” എന്നാണ് അവർ പറഞ്ഞത്.
ഇത്രയും പ്രായമായിട്ടും ജോലി തുടരുന്നതിന്റെ കാരണം ചോദിച്ചപ്പോൾ, ദൈവം ക്ഷമയും ശക്തിയും നൽകുന്നിടത്തോളം ചികിത്സ തുടരുമെന്നായിരുന്നു ഡോ. ശ്രീമതിയുടെ മറുപടി.
“ആവശ്യമുള്ളപ്പോൾ ആളുകളെ ചികിത്സിക്കാൻ നമുക്ക് വിസമ്മതിക്കാനാകില്ലല്ലോ?” എന്ന അവരുടെ വാക്കുകളും ശ്രദ്ധേയമായി. 92-ാം വയസ്സിലും ചികിത്സാരംഗത്ത് സജീവമായി തുടരുന്ന ഡോക്ടറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.സിസേറിയനും മറ്റുമായി രണ്ടുലക്ഷത്തോളം സർജറികൾ ഡോക്ടർ നടത്തിയതായാണ് റിപോർട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





