14
Jul 2023
Wed
14 Jul 2023 Wed

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തി രാവിലെ വിദ്യാര്‍ത്ഥികളെ കാണും. മഴക്കെടുതി മൂലം ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകള്‍ പൂര്‍ത്തായായതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മൂന്നേകാല്‍ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാംപുകള്‍ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.