തിരുവനന്തപുരം: കനത്ത മഴയും വെള്ളക്കെട്ടും മൂലം സംസ്ഥാനത്തെ മൂന്ന് താലൂക്കുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കോട്ടയം, തിരുവല്ല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളക്കെട്ട് തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. കോട്ടയം താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
|
പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. സര്‍വകലാശാല പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ 63 ക്യാമ്പുകളിലായി 2637 പേര് നിലവില്‍ താമസിച്ചു വരുന്നു. ഇതില്‍ 45 ക്യാമ്പുകള്‍ തിരുവല്ലയിലാണ്.


