24
Jul 2023
Tue
24 Jul 2023 Tue

ജിദ്ദ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ജിദ്ദയിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ ഒഐസിസി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഉണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്ന് ഒഐസിസി സൗദി വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രവാസി സ്‌നേഹിയായ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്, അതില്‍ എണ്ണമറ്റ പ്രവാസികളും ഉള്‍പെടും. ലോകത്തിന്റെ ഏതു രാജ്യത്ത് മലയാളികള്‍ കുടുങ്ങിയാലും ദുരിതത്തില്‍ അകപ്പെട്ടാലും അവിടെ ആശ്വാസത്തിന്റെ കൈകള്‍ നീട്ടുവാന്‍ ഇനി കുഞ്ഞൂഞ്ഞു ഇല്ല എന്നത് വലിയ വേദനയാണ് നല്‍കുന്നത്.

റിയാദില്‍ തീപിടുത്തമുണ്ടായി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുവാന്‍, നിത്താഖാത്തില്‍ കുടുങ്ങിയ പ്രവാസികള്‍ക്കു ടിക്കറ്റ് നല്‍കി നാട്ടിലെത്തിക്കുവാന്‍, പ്രവാസ ജീവിത സമ്പാദ്യകൊണ്ട് ഉണ്ടാക്കിയ വീട് തകര്‍ന്നപ്പോള്‍ അവരെ സഹായിക്കുവാന്‍ അങ്ങിനെ അക്കാലം വരെ, കേള്‍ക്കുകയും കാണുകയും ചെയ്യാത്ത സഹായങ്ങളാണ് ഒരു ഭരണാധികാരി എന്ന നിലയില്‍ നിയമത്തിന്റെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം അദ്ദേഹം നല്‍കിയത്.

രാഷ്ട്രീയ പ്രവര്‍ത്തനം ഏറ്റവും വലിയ ജീവ കാരുണ്യ പ്രവര്‍ത്തനമാണെന്നു ജീവിതം കൊണ്ട് തെളിയിച്ച അപൂര്‍വ ജന നായകനായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിലുള്ള അനുശോചന യോഗം വ്യാഴാഴ്ച രാത്രി ജിദ്ദയില്‍ നടത്തുമെന്നു മുനീര്‍ അറിയിച്ചു.

ഐംഎംസി ജിദ്ദ കമ്മിറ്റി

നാടിന്റെ വികസനത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചും ജനങ്ങളില്‍ ഒരുവനായി അവരിലേക്ക് ഇറങ്ങി ചെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ചും പ്രവാസികള്‍ക്കു വേണ്ടിയും ശബ്ദിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നൂവെന്നും ഐഎംസിസി ജിദ്ദ നേതാക്കളായ ഷാജി ചേളാരി, ജലീല്‍ സി എച്. മജീദ് തിരുരങ്ങാടി, മന്‍സൂര്‍ വണ്ടൂര്‍ എന്നിവര്‍ അറിയിച്ചു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പറഞ്ഞു. പ്രവാസികളോട് പ്രത്യേക മമതയും അവരുടെ വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുള്ള ഉമ്മന്‍ ചാണ്ടി കേസുകളില്‍ കുടുങ്ങിയും നാട്ടില്‍ പോകാനാവാതെയും വിദേശ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്ന ഒട്ടേറെ പ്രവാസികള്‍ക്ക് രക്ഷകനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാളികള്‍ക്ക് ഒന്നാകെ പ്രത്യേകിച്ച് പ്രവാസികള്‍ക്ക് തീരാനഷ്മാണെന്ന് പ്രസിഡന്റ് സാദിഖ് തുവ്വൂര്‍/ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോടും ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായിയും അനുശോചനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍(ഐവ)

നാടിനു വേണ്ടിയും പ്രവാസികള്‍ക്ക് വേണ്ടിയും ഒരുപാട് സംഭാവനകള്‍ ചെയ്ത നേതാവ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മികവ് കാട്ടിയ ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്ന് ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

ഹജ്ജ് വെല്‍ഫെയര്‍ ഫോറം

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ജനാധിപത്യ മതനിരപേക്ഷ ചേരിയുടെ കാവലാളായിരുന്നുവെന്ന് ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും നസീര്‍ വാവാക്കുഞ്ഞ് കൂട്ടിച്ചേര്‍ത്തു.

ജിദ്ദ കേരള പൗരാവലി

ജനങ്ങളോടൊപ്പം നിന്ന ജനകീയ നായകനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി, ആക്ടിങ് ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ അന്തിക്കാട്, ട്രഷറര്‍ ഷരീഫ് അറക്കല്‍ എന്നിവര്‍ കൂട്ടിച്ചേര്‍ത്തു

ജിദ്ദ കേരളീയ സമൂഹത്തിന് ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കുന്നതിന് വേണ്ടി ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച ജിദ്ദ കേരള പൗരാവലി വിപുലമായ യോഗം വിളിച്ചിട്ടുണ്ട്.