01
Aug 2023
Thu
01 Aug 2023 Thu

മുംബൈ: പ്രണയം നിരസിച്ചതിന്റെ പേരില്‍ പന്ത്രണ്ടുകാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ കല്യാന്‍ ഈസ്റ്റില്‍ ബുധനാഴ്ച രാത്രിയോടെ നടന്ന സംഭവത്തില്‍ പ്രതി പിടിയിലായി. പ്രണിത ദാസ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആദിത്യ കാംബ്ലി(20) എന്ന എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി തുടര്‍ച്ചയായി പ്രണയം നിരസിച്ചതോടെ പ്രതിക്ക് വൈരാഗ്യമുണ്ടായെന്നും ഇത് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പോലിസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരേ പ്രദേശത്ത് താമസിച്ചിരുന്നവരാണ് പെണ്‍കുട്ടിയും പ്രതിയും. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ട്യൂഷന്‍ സെന്ററില്‍ നിന്ന് മടങ്ങിയെത്തി വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു.

വീട്ടിലേക്ക് കയറുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രതി അമ്മയെ തള്ളിമാറ്റിയ ശേഷം പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. പ്രതിയില്‍ നിന്ന് മകളെ രക്ഷിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എട്ടോളം തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ ഗുരുതരമായ മുറിവുണ്ടായി. അമ്മയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.