എട്ടു വയസ്സുള്ള മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച യു.പിയിലെ നേഹ പബ്ലിക് സ്കൂള്‍ അടച്ചുപൂട്ടി
|
ലഖ്നൗ: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടര്‍ന്നു വിവാദമായ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂള്‍ ഓപ്പറേറ്റര്‍ക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും അതിനാല്‍ പഠനത്തെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലയാണ് നടപടി. ബോധപൂര്‍വമുള്ള മര്‍ദനം (323), മനഃപൂര്‍വമുള്ള അപമാനം (504) എന്നീ വകുപ്പുകള്‍ ആണ് അധ്യാപികക്കെതിരേ ചുമത്തിയത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട് സമര്‍പ്പിക്കണമെന്ന് യുപിയിലെ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാരും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം വളരെ വേഗത്തില്‍ തന്നെ മുന്നോട്ട് പോകുന്നുവെന്ന് മുസാഫിര്‍ നഗര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അധ്യാപികയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് ഇതുവരെ കടന്നിട്ടില്ല.





