01
Sep 2023
Wed
01 Sep 2023 Wed

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡില്‍ സഹപാഠിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി പത്താം ക്ലാസ് വിദ്യാർഥി. ചൊവ്വാഴ്ചയാണ് സംഭവം. സ്കൂള്‍ ബാഗ് കേടുവരുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരതയിൽ കലാശിച്ചതെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ പ്രതിയായ പത്താം ക്ലാസ് വിദ്യാർഥിക്കെതിരെ കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റ മുഹമ്മദ് കൈഫ് എന്ന വിദ്യാർഥിയെ എഎംയു ജെഎൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാപിതാക്കൾ സിവിൽ ലൈൻ പൊലീസിനെ സമീപിക്കുകയും ഒളിവിൽ പോയ പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ചെയ്തു.

‘രാജ മഹേന്ദ്ര പ്രതാപ് സിങ് എഎംയു സിറ്റി സ്‌കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. അവരിൽ ഒരാളുടെ ബാഗ് മറ്റേയാൾ കേടുവരുത്തിയതിനെ തുടർന്ന് രണ്ട് സഹപാഠികളും തമ്മിൽ തർക്കമുണ്ടായി’- എഎംയു പ്രോക്ടർ മുഹമ്മദ് വസീം അലി പറഞ്ഞു.

‘ബാ​ഗ് കേടായ കുട്ടി കാമ്പസിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്തുകൊണ്ടുവന്ന് സഹപാഠിയുടെ മേൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം സ്‌കൂൾ കാമ്പസിൽ പരിഭ്രാന്തി സൃഷ്ടിച്ചു’- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തങ്ങൾ തമ്മിൽ വഴക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞു. ഞാൻ സ്കൂൾ ​ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. ഈ സമയം അവൻ വന്ന് എന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്റെ സുഹൃത്തുക്കൾ അവനെ തടയുകയും ശരീരത്തിലെ തീയണയ്ക്കുകയും ചെയ്തു. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല- കൈഫ് പറഞ്ഞു.

സംഭവത്തെ കുറിച്ച് അറിയിച്ച് രാവിലെ എനിക്കൊരു കോൾ വരികയായിരുന്നു. മകൻ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ ‍ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, പ്രതിയായ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.