17
Sep 2023
Tue
17 Sep 2023 Tue

ആദിത്യ L1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും 110 ദിവസം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭൂഗുരുത്വ വലയം ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചു. പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്. ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരം വരുന്ന യാത്രക്കിടയില്‍ ചില പാതതിരുത്തല്‍ കൂടിയുണ്ടാകും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ എഞ്ചിന്‍ ജ്വലിപ്പിച്ച് യാത്രാപഥം മാറ്റിയത്.

ഇനി ലക്ഷ്യസ്ഥാനമായ എല്‍ വണ്ണില്‍ പേടകം എത്താന്‍ 110 ദിവസമെടുക്കും. ഭൂമിയില്‍ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക. ഇത് അഞ്ചാം തവണയാണ് ഐഎസ്ആര്‍ഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തി. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിച്ചു. മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്‌റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും.

സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്‌സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം. സൂര്യപ്രതിഭാസങ്ങള്‍ ഭൂമിയുടെ കാന്തികമണ്ഡലത്തിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളും അഞ്ചുവര്‍ഷ ദൗത്യകാലാവധിയില്‍ ആദിത്യ നിരീക്ഷിക്കും.