ഏഷ്യന്‍ ഗെയിംസില്‍ നിന്നു മൂന്ന് ഇന്ത്യന്‍ വനിതാ അത്ലറ്റുകളെ ചൈന വിലക്കിയതായി റിപോര്‍ട്ട്. ഈ മൂവരും ‘സൗത്ത് തിബത്ത്’ എന്ന് ചൈന അവകാശപ്പെടുന്ന ഇന്ത്യന്‍ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവരാണ്. വുഷുവില്‍ മല്‍സരിക്കേണ്ട മൂന്നു താരങ്ങള്‍ക്കാണ് വിലക്ക്. ആതിഥേയരാജ്യത്ത് നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ മൂവര്‍ക്കും ഏഷ്യന്‍ ഗെയിംസ് നഷ്ടമാവും.
|
മൂവര്‍ക്കും ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെ അംഗീകാരം ലഭിച്ചെങ്കിലും താരങ്ങള്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസയായി കണക്കാക്കുന്ന ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ടീമിലെ ബാക്കിയുള്ള 10 അംഗങ്ങളും കോച്ചിങ് സ്റ്റാഫും ബുധനാഴ്ച ഹാങ്ഷൂവിലേക്ക് പുറപ്പെട്ടതായി ‘അല്‍ ജസിറ’ റിപോര്‍ട്ട് ചെയ്തു. അതേസമയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ വിദേശകാര്യ മന്ത്രാലയമോ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഈ വര്‍ഷം, തര്‍ക്കമേഖലയിലെ 11 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതിനു പിന്നാലെ ഇന്ത്യ ശക്തമായി പ്രതികരിച്ചില്ലെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.
ഇതേ മൂന്ന് താരങ്ങള്‍ക്ക് വിസ നിഷേധിച്ചതിനാല്‍ ജൂലൈയില്‍ ചൈനീസ് നഗരമായ ചെങ്ഡുവില്‍ നടന്ന ലോക യൂനിവേഴ്‌സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ വുഷു ടീമിന് പങ്കെടുക്കാനായിരുന്നില്ല.


