വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ 2050ഓടെ പക്ഷാഘാതം മൂലമുള്ള മരണനിരക്ക് 91 ശതമാനമായി ഉയരുമെന്ന് ലോക പക്ഷാഘാത സംഘടനയും ലാൻസറ്റ് ന്യൂറോളജി കമ്മീഷനും. 2020ൽ പക്ഷാഘാതം മൂലമുള്ള മരണം 66 ലക്ഷമായിരുന്നുവെങ്കിൽ 2050ഓടെ ഇത് 97 ലക്ഷമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുകയോ കുറഞ്ഞുപോവുകയോ ചെയ്യുകയും മസ്തിഷ്ക കോശങ്ങൾക്ക് രക്തവും ഓക്സിജനും ലഭിക്കാതെ വരികയും ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുക. പക്ഷാഘാതം സംഭവിക്കുന്നവർക്ക് നടക്കുന്നതിലും സംസാരിക്കുന്നതിലും മനസ്സിലാക്കുന്നതിലും പ്രശ്നങ്ങളുണ്ടാവുകയും ശരീരത്തിന്റെ ഭാഗം തളർന്നുപോവുകയും മുഖവും കൈയും കാലുമൊക്കെ മരച്ചുപോവുകയോ ആണ് ചെയ്യുക. പക്ഷാഘാതത്തിന്റെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയുകയും ചികിൽസ ലഭ്യമാക്കുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്നതും പ്രയോജനം ചെയ്യും.
|
ലോകത്ത് 1.25 കോടി പേർ പക്ഷാഘാതബാധിതരായി ഉണ്ടെന്നാണ് കണക്ക്. ഏതുനിമിഷവും പക്ഷാഘാതം ഉണ്ടാവാം എന്ന അവസ്ഥയിൽ ജീവിക്കുന്നവരുടെ എണ്ണം 10 കോടിയിലേറെയാണ്. 1990ൽ നിന്ന് 2020 ആവുമ്പോഴേക്ക് പുതുതായി പക്ഷാഘാതമുണ്ടാവുന്നവരുടെ എണ്ണം 70 ശതമാനത്തോളം വർധിച്ചിട്ടുണ്ട്. 70 വയസ്സിൽ താഴെ പ്രായമുള്ളവരിൽ പക്ഷാഘാതമുണ്ടാവുന്നത് 20 ശതമാനത്തോളം കൂടി.
അമിത രക്തസമ്മർദ്ദം, ക്രമമില്ലാത്ത ഹൃദയമിടിപ്പ് അടക്കമുള്ള ഹൃദ്രോഗം, അമിത വണ്ണം, ഉയർന്ന അളവിലുള്ള പ്രമേഹം, പുകവലി, അന്തരീക്ഷ മലിനീകരണം കൂടിയ മേഖലകളിൽ താമസിക്കുന്നവർ തുടങ്ങിയ കാരണങ്ങൾ പക്ഷാഘാതത്തിന് വഴിവയ്ക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഉപ്പുകുറഞ്ഞ ഭക്ഷണം പാലിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും പുകവലിയും മദ്യവും ഉപേക്ഷിക്കുന്നതും പ്രമേഹം നിയന്ത്രിക്കുന്നതും പക്ഷാഘാതത്തെ തടയാൻ സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





