08
Nov 2023
Thu
08 Nov 2023 Thu

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കു സൂക്ഷിച്ചതിന് മലയാളിക്ക് സൗദിയില്‍ 2.22 കോടി രൂപ പിഴ. മക്കയില്‍ പ്രവര്‍ത്തിക്കുന്ന അല്‍റീഫ് ബ്രോസ്റ്റ് റെസ്റ്റോറന്റ് ഫോര്‍ ഫാസ്റ്റ്ഫുഡ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ അബ്ദുറശീദ് വാലപ്രയെയാണ് മക്ക ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. സ്ഥാപന ഉടമയായ സൗദി വനിത സാഫിനാസ് അബ്ദുല്‍ മലിക് ജസ്തനിയയെയും കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാപനം ഒരു മാസത്തേക്ക് അടപ്പിക്കാനും കോടതി വിധിയുണ്ട്. ഉടമയുടെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, ഇരുവരും നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവില്‍ രണ്ടു പത്രങ്ങളില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ പത്തു കിലോ ബര്‍ഗര്‍ ഇറച്ചി കണ്ടെിയത്. തുടര്‍ന്ന്, സൗദി വനിതയ്ക്കും മലയാളിക്കും എതിരായ കേസ് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

സൗദിയില്‍ വാണിജ്യ വഞ്ചനാ കേസുകളിലെ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. നിയമ ലംഘകരായ വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ പരാതികള്‍ അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക