അസഫാക് ആലത്തിനെതിരെ ശരിവച്ചത് വധശിക്ഷ ലഭിക്കാവുന്ന അഞ്ചു വകുപ്പുകള്‍; വധശിക്ഷ നല്‍കണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍
|
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയും അതിഥിതൊഴിലാളിയുമായ അസ്ഫാക് ആലത്തിനെതിരെ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് കോടതി. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ പോക്‌സോ കുറ്റങ്ങളും ചുമത്തി. ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുള്ള വ്യക്തിയാണോ എന്നും കോടതി ചോദിച്ചു. ഒരു തരത്തിലുള്ള മാനസിക പ്രശ്‌നവും ഇല്ലെന്നും പ്രാസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു. പ്രതി ജയിലില്‍ കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
കുഞ്ഞിനെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഇയാള്‍, ലൈംഗികമായി പീഡിപ്പിച്ചശേഷം അതിദാരുണമായി കൊലപ്പെടുത്തിയെന്നും മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപം ഉപേക്ഷിച്ചെന്നുമാണ് കേസ്.
645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്‍പ്പിക്കുന്നതും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് കേസില്‍ വിചാരണ തുടങ്ങി. 15 പ്രവര്‍ത്തി ദിനങ്ങളില്‍ സാക്ഷി വിസ്താരവും വാദവും ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി. 10 തൊണ്ടി മുതലുകള്‍, 95 രേഖകള്‍, 45 സാക്ഷികള്‍, 16 സാഹചര്യത്തെളിവുകള്‍, ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് കോടതി പരിശോധിച്ചത്.
അതേസമയം, അസഫാക് ആലത്തിന് വധശിക്ഷ നല്‍കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതുവരെ പോരാടുമെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കില്‍ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





