08
Nov 2023
Mon
08 Nov 2023 Mon

24 മണിക്കൂറിലേറെയായി 40 തൊഴിലാളികള്‍ തകര്‍ന്ന തുരങ്കത്തിനുള്ളില്‍: എല്ലാവരും സുരക്ഷിതര്‍, ഓക്‌സിജനും ഭക്ഷണവും എത്തിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണം നടക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 40 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കാനുള്ള തുരങ്കമാണ് ഇടിഞ്ഞത്. ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖല്‍- യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ഭാഗികമായി തകര്‍ന്നത്.

നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പ് വഴി ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും കുടുങ്ങിയ തൊഴിലാളികളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. തൊഴിലാളികളുമായി ആശയവിനിമയം ആരംഭിച്ചതായും അവര്‍ക്ക് വെള്ളവും ഭക്ഷണസാധനങ്ങളും എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നത്. ഒരു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്‌സിജനും വെള്ളവും എത്തിച്ചതായും അധികൃതര്‍ അറിയിച്ചു.

അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിന്റെ 15 മീറ്റര്‍ ഉള്‍ഭാഗത്തേയ്ക്ക് വരെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 35 മീറ്ററിലെ അവശിഷ്ടങ്ങള്‍ കൂടി മാറ്റേണ്ടതുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക